ബി.എം.ഡബ്ല്യുവിന്റെ പുതിയ അഡ്വഞ്ചർ മോട്ടോർസൈക്കിൾ ആർ 12 ജി/എസ്. വില കേൾക്കുമ്പോൾ ഞെട്ടുമെങ്കിലും, രൂപത്തിലും കരുത്തിലും സവിശേഷതകളിലും ശ്രദ്ധ പിടിച്ചുപറ്റുന്ന മോഡലാണിത്.ബി.എം.ഡബ്ല്യു മോട്ടോറാഡ് ഇന്ത്യ അവതരിപ്പിച്ച ആർ 12 ജി/എസിന് 25.40 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. പൂർണമായും വിദേശത്ത് നിർമിച്ച് ഇന്ത്യയിലെത്തിക്കുന്ന സി.ബി.യു മോഡലാണിത്. ഒറ്റ പ്രോ പതിപ്പിലാണ് ബൈക്ക് ലഭിക്കുക. ലൈറ്റ് വൈറ്റ് നിറമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെലിവറി ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.1980-ൽ പുറത്തിറങ്ങിയ ബി.എം.ഡബ്ല്യു ആർ 80 ജി/എസ് എന്ന ഐതിഹാസിക മോഡലിൽനിന്നാണ് പുതിയ ബൈക്കിന്റെ ഡിസൈൻ പ്രചോദനം. നിരത്തുകളിലും ദുർഘടമായ പാതകളിലും ഒരുപോലെ ഉപയോഗിക്കാവുന്ന മോട്ടോർസൈക്കിൾ എന്ന ആശയമാണ് ഈ പേര് സൂചിപ്പിക്കുന്നത്.
വൃത്താകൃതിയിലുള്ള എൽ.ഇ.ഡി ഹെഡ്ലൈറ്റ്, ഉയർന്ന മുൻഭാഗം, നീളമുള്ള സസ്പെൻഷൻ, ക്രോസ് സ്പോക്ക് വീലുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പഴയകാല എൻഡ്യൂറോ ബൈക്കുകളുടെ ഭംഗി നിലനിർത്തിക്കൊണ്ട് ആധുനിക സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്."
"1,170 സിസി എയർ/ഓയിൽ കൂൾഡ് ഇരട്ട സിലിണ്ടർ ബോക്സർ എൻജിനാണ് ആർ 12 ജി/എസിന്റെ കരുത്ത്. 7,000 ആർ.പി.എമ്മിൽ 109 എച്ച്പി കരുത്തും 6,500 ആർ.പി.എമ്മിൽ 115 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയർബോക്സിനൊപ്പം ഷാഫ്റ്റ് ഡ്രൈവാണ് നൽകിയിരിക്കുന്നത്. മണിക്കൂറിൽ 210 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന പരമാവധി വേഗം.ബോക്സർ എൻജിന്റെ പ്രത്യേകത സിലിണ്ടറുകൾ ഇരുവശങ്ങളിലേക്കും തിരശ്ചീനമായി നീണ്ടുനിൽക്കുന്ന രീതിയിലുള്ള രൂപകൽപ്പനയാണ്. മൈലേജൊന്നും ചോദിക്കരുത് എന്നാണ് ഇത്തരം പ്രീമിയം വാഹനങ്ങളുടെ കുലീനത. എങ്കിലും ഏകദേശം 19.6 കിലോമീറ്റർ ഒരു ലിറ്ററിൽ ലഭിക്കുമെന്നാണ് ഡബ്ല്യു.എം.ടി.സി പരിശോധനയിലെ കണക്ക്. യഥാർഥ റോഡ് സാഹചര്യത്തിൽ അതിലും താഴെയായിരിക്കാനാണ് എല്ലാ സാധ്യതയും"
സാധാരണ യാത്രകൾക്കായി ഒരു ബൈക്ക് അന്വേഷിക്കുന്നവർക്കുള്ള മോഡലല്ല ആർ 12 ജി/എസ്. അഡ്വഞ്ചർ റൈഡിങ്ങിനെയും ബി.എം.ഡബ്ല്യുവിന്റെ പാരമ്പര്യ ഡിസൈനിനെയും എൻജിൻ കരുത്തിനെയും ഒരുമിച്ച് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടുള്ള പ്രീമിയം മോട്ടോർസൈക്കിളാണിത്. 25 ലക്ഷത്തിലധികം രൂപ മുടക്കാനുള്ള ധൈര്യവും വേണം"
0 Comments