ഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനും കൃത്യമായ നിരീക്ഷണം സാധ്യമാക്കാനും ലക്ഷ്യമിട്ട് അധിക സുരക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ പാര്‍ലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതി ഒരുങ്ങുന്നു.
ക്രിപ്‌റ്റോ ആസ്തികളില്‍ രാജ്യത്തിന്റെ നിലവിലെ നയം പുനഃപരിശോധിക്കുന്നതിനൊപ്പം, ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ കൂടുതല്‍ ശക്തമാക്കി ഇടപാടുകള്‍ നിരീക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമിതി തയാറാക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയേക്കും.
ബി.ജെ.പി എം.പി ഭര്‍തൃഹരി മഹ്താബിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളെക്കുറിച്ച് വിശദമായ എട്ട് യോഗങ്ങളാണ് നടത്തിയത്.
നിലവില്‍ വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് അവസാനിപ്പിച്ച്, ക്രിപ്‌റ്റോ സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയാനാണ് നിര്‍ദ്ദേശമെന്ന് മുതിര്‍ന്ന എം.പി വ്യക്തമാക്കി.
ഫൈനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ കണക്കുകള്‍ പ്രകാരം 2026 മേയിലെ കണക്കനുസരിച്ച് രാജ്യത്ത് 3.93 കോടി കെ.വൈ.സി പൂര്‍ത്തിയാക്കിയ ക്രിപ്‌റ്റോ അക്കൗണ്ടുകളിലായി ഏകദേശം 20,436 കോടി രൂപയുടെ നിക്ഷേപമുണ്ട്.
റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ക്രിപ്‌റ്റോ നിരോധിച്ചപ്പോഴും ഇന്ത്യ ഇടപാടുകളെ പൂര്‍ണ്ണമായി തള്ളിക്കളയാതെ നികുതി പരിധിയില്‍ കൊണ്ടുവരികയാണ് ചെയ്തത്. 2022-ല്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ക്രിപ്‌റ്റോ വരുമാനത്തിന് 30 ശതമാനം നികുതിയും ഒരു ശതമാനം ടി.ഡി.എസും ഏര്‍പ്പെടുത്തിയിരുന്നു.നിയമപരമായ പണമായി അംഗീകരിക്കാതെയും എന്നാല്‍ ഡിജിറ്റല്‍ ആസ്തിയായി നികുതി ഈടാക്കിയും മധ്യവര്‍ത്തി നയം സ്വീകരിക്കുന്ന ഇന്ത്യ, പുതിയ സാങ്കേതിക വിദ്യയിലൂടെ ക്രിപ്‌റ്റോ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനാണ് പാര്‍ലമെന്ററി സമിതിയിലൂടെ പദ്ധതിയിടുന്നത്.
0 Comments