LATEST

6/recent/ticker-posts

വിനോദയാത്രയിലെ 'കുടി' വിവാദത്തില്‍ വൻ ട്വിസ്റ്റ്‌: പ്രിൻസിപ്പല്‍ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെഗറ്റീവ്

വയനാട്: മീനങ്ങാടി ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പല്‍ മദ്യപിച്ചെന്ന ആരോപണത്തില്‍ നിർണായക വഴിത്തിരിവ്.







പ്രിൻസിപ്പല്‍ ഷിവി കൃഷ്ണന്റെ രക്തപരിശോധനാ ഫലം നെഗറ്റീവായി പുറത്തുവന്നതോടെ അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായി. വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന് ആരോപിച്ച്‌ രക്ഷിതാക്കള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടർന്നാണ് പോലീസ് പ്രിൻസിപ്പലിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. പ്രിൻസിപ്പല്‍ മദ്യപിച്ചിരുന്നില്ലെന്നും വീഡിയോ പകർത്തിയത് ആരെന്നറിയില്ലെന്നും വ്യക്തമാക്കി വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികളും രംഗത്തെത്തി.


ആരോപണം തെറ്റാണെന്ന് തെളിഞ്ഞതോടെ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസങ്ങളാണ് നേരിടേണ്ടി വന്നതെന്ന് പ്രിൻസിപ്പല്‍ ഷിവി കൃഷ്ണൻ പ്രതികരിച്ചു. സങ്കുചിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഒരാളെ മാനസികമായി തകർക്കാമെന്നതിന്റെ ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പൊലീസില്‍ പരാതികളൊന്നും ഉണ്ടായിരുന്നില്ലെന്നും, സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി. അപക്വമായി പെരുമാറിയ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തുന്നില്ലെന്നും എന്നാല്‍ സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








സ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഈ വ്യാജ പ്രചാരണത്തിന് പിന്നിലെന്നും പ്രതിഷേധത്തിനെത്തിയവരില്‍ ഭൂരിഭാഗവും കുട്ടികളുടെ രക്ഷിതാക്കളായിരുന്നില്ലെന്നും പ്രിൻസിപ്പല്‍ ആരോപിച്ചു. ഒരു രാഷ്ട്രീയ പ്രവർത്തകന്റെ നിർബന്ധപ്രകാരമാണ് തന്നോട് യൂറിൻ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്. തനിക്കെതിരെ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കും വ്യക്തിഹത്യക്കും എതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമെന്നും പ്രിൻസിപ്പല്‍ അറിയിച്ചു

Post a Comment

0 Comments