കോഴിക്കോട് :ഹൂതി വിമതരുടെ തുടർച്ചയായ വ്യോമാക്രമണങ്ങളെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ മുടങ്ങിയത് ഉംറ തീർഥാടകരെയും ട്രാവൽ ഏജൻസികളെയും കടുത്ത പ്രതിസന്ധിയിലാക്കി.
റിയാദ്, ജിദ്ദ, ദമ്മാം വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ തുടർന്ന് സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കേരളത്തിലെ കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാരെയും സഊദിയിൽ ഇതിനകം എത്തിയവരെയും ഒരുപോലെ വലച്ചിട്ടുണ്ട്.
സൗദിയിൽ അനുഭവപ്പെടുന്ന അനുകൂലമായ കാലാവസ്ഥയും ചെലവ് കുറഞ്ഞ പാക്കേജുകളും പ്രയോജനപ്പെടുത്തി നിരവധി പേരാണ് ഈ ദിവസങ്ങളിൽ ഉംറയ്ക്കായി പുണ്യഭൂമിയിലേക്ക് തിരിക്കാൻ തയ്യാറെടുത്തിരുന്നത്.
എന്നാൽ ഹൂതി ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ വലിയ തോതിൽ റദ്ദാക്കപ്പെട്ടു. കേരളത്തിൽ നിന്ന് മാത്രം മുപ്പതിലേറെ വിമാന സർവീസുകൾ തടസ്സപ്പെട്ടിട്ടുണ്ട്. മദീനയിലേക്കുള്ള ചില സർവീസുകൾ നടക്കുന്നുണ്ടെങ്കിലും ഉയർന്ന കണക്ഷൻ നിരക്കുകൾ തീർഥാടകർക്ക് അധികഭാരമായിരിക്കുകയാണ്.
തീർഥാടനത്തിന് മക്കയിലും ജിദ്ദയിലും എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാനാവാതെ ഹോട്ടലുകളിൽ കഴിയേണ്ടി വരുന്ന ദുരിതാവസ്ഥയാണ് നിലവിലുള്ളത്. സ്വന്തം നിലയിൽ കണക്ഷൻ ഫ്ലൈറ്റുകൾ വഴി മടങ്ങാൻ ശ്രമിക്കുന്നവർ വലിയ തുകയാണ് യാത്രാ നിരക്കായി നൽകേണ്ടിവരുന്നത്.
പാക്കേജ് തുകയിൽ വിമാന ടിക്കറ്റും ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, ഇത്തരത്തിൽ സ്വന്തം ചെലവിൽ മടങ്ങുന്നവർക്ക് ട്രാവൽ ഏജൻസികൾ തുക തിരിച്ചുനൽകുന്നില്ല എന്ന പരാതിയുമുണ്ട്.
പ്രതിസന്ധി നീണ്ടുനിൽക്കുന്നത് ട്രാവൽ ഗ്രൂപ്പുകളെയും വലിയ സാമ്പത്തിക നഷ്ടത്തിലാഴ്ത്തിയിരിക്കുകയാണ്. വിമാന സർവീസുകൾ പൂർണ്ണ തോതിൽ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയിലാണ് തീർഥാടക സംഘങ്ങൾ.
0 Comments