താമരശേരി:കാർ മോഷണശ്രമത്തിനിടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ താമരശേരി പോലീസ് പിടികൂടി. പുതുപ്പാടി മലപുറം ജുമാ മസ്ജിദ് പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാർ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ബാലുശ്ശേരി സ്വദേശി ഇരൂൾക്കുന്നുമ്മൽ യാസിർ (29) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേഷനുകളിൽ 20 ൽ അധികം കേസുകളിൽഇയാൾ പ്രതിയാണ്.
മസ്ജിദിന്റെ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മോഷ്ടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പള്ളി പരിസരത്ത് സംശയാസ്പദമായി ചുറ്റിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ ജിംനേഷ്യത്തിലെ യുവാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ താമരശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയുടെ കൈവശത്തിൽ നിന്ന് ഒരു സ്ക്രൂ ഡ്രൈവർ, നാല് സിം കാർഡുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാറിന്റെ താക്കോൽ എന്നിവ കണ്ടെത്തി.
ഇയാളുടെ മുൻകാല കുറ്റകൃത്യ വിവരങ്ങൾ പരിശോധിച്ചതിൽ മോഷണം, ഭവനഭേദനം, മോഷണ വസ്തുക്കൾ കൈവശം വയ്ക്കൽ, രേഖകൾ കൃത്രിമമായി നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായിട്ടുള്ളതായി കണ്ടെത്തി. അങ്കമാലി, മെഡിക്കൽ കോളേജ്, ചേവായൂർ, വടകര, തൊട്ടിൽപ്പാലം, കൊയിലാണ്ടി, തിരൂർ, മാനന്തവാടി, പയ്യന്നൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ കേസുകൾ നിലവിലുണ്ട്.
0 Comments