LATEST

6/recent/ticker-posts

മലബാർ ഗോൾഡ് വ്യാജ സ്വർണ പണയം;യുവതിയും കൂട്ടാളിയും പിടിയിൽ

താമരശ്ശേരി: മലബാർ ഗോൾഡിന്റെ വ്യാജ മുദ്ര പതിപ്പിച്ച വ്യാജ സ്വർണം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവതിയും കൂട്ടാളിയും പൊലീസ് പിടിയിൽ.കൊടുവള്ളി താമസിക്കും താമരശ്ശേരി തച്ചംപൊയിൽ സ്വദേശി ഗിരിജ, കൊടുവള്ളി സ്വദേശി നൗഷാദ് എന്നിവരെയാണ് സുൽത്താൻ ബത്തേരിക്ക് സമീപം കുപ്പാടിയിലെ ഒളിസങ്കേതത്തിൽ വെച്ച് താമരശ്ശേരി പോലീസും, ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം 28നാണ് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ സൂര്യ ഫൈനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ കോഴിക്കോട് താമസിക്കും കൊടുവള്ളി സ്വദേശി നൗഷാദ് കൊടുത്തു വിട്ട വ്യാജ സ്വർണം ഗിരിജ പണയം വെക്കാനായി എത്തിയത്.

മലബാർ ഗോൾഡിൻ്റെ വ്യാജ ലോഗോയും, BlS Hall mark ,HUID ലോഗോയും പതിച്ച ഒർജിനലിനെ വെല്ലുന്ന വ്യാജ സ്വർണം പണയം വെച്ചാണ് പണം തട്ടാൻ ശ്രമിച്ചത്.

 യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്ഥാപന ഉടമ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം വ്യാജമാണെന്ന് ,തിരിച്ചറിഞ്ഞത്.ഉടൻ തന്നെ മലബാർ ഗോൾഡിൽ വിവരമറിയിക്കുകയും ചെയ്തു.ഇതിനിടക്ക് യുവതി സ്ഥലം വിട്ടിരുന്നു, റോഡിൽ കാറിൽ കാത്തു നിന്നിരുന്ന നൗഷാദിന് ഒപ്പമായിരുന്നു യുവതി സ്ഥലം വിട്ടത്.

മലബാർ ഗോൾഡ് ജീവനക്കാർ താമരശ്ശേരിയിൽ എത്തി നടത്തിയ പരിശോധനയിൽ വളകളിലൊന്നിൽ പതിച്ച സീരിയൽ നമ്പർ തലേ ദിവസം കോഴിക്കോട് ഷോപ്പിൽ നിന്നും വിൽപ്പന നടത്തിയ വളയിൽ പതിച്ചതിന് സമാനമാണ് എന്ന് തിരിച്ചറിഞ്ഞു.ഇതോടെ കടയിൽ നിന്നും വളവാങ്ങിയ ആളെ കുറിച്ച് ജീവനക്കാർക്ക് സൂചന ലഭിച്ചു.

മറ്റു രണ്ട് വളകളിലും മലബാറിൻ്റെ ലോഗോയും BISമാർക്കും വ്യാജമായി പതിച്ചിരുന്നു.

ഇതേ തുടർന്ന് തങ്ങളുടെ ലോഗോ വ്യാജമായി നിർമ്മിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മലബാർ ഗോൾഡ് അധികൃതർ താമരശ്ശേരി പോലീസിൽ പരാതി നൽകി.തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ പിടികൂടിയത്. രാത്രി 11 മണിയോടെ ഇവരെ താമരശ്ശേരി സ്റ്റേഷനിൽ എത്തിച്ചു.

Post a Comment

0 Comments