LATEST

6/recent/ticker-posts

സൗദി യിൽ കനത്ത മഴയും വെളളപ്പാച്ചിലും;ത്വാഇഫിൽ വ്യാപക നാശനഷ്ടം

റിയാദ്: സൗദി യിൽ കനത്ത മഴയും വെളളപ്പാച്ചിലും,ത്വാഇഫിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. സഊദി അറേബ്യയുടെ വിവിധ

ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥയും ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം കടുപ്പിച്ചു. പടിഞ്ഞാറൻ മേഖലയായ ത്വാഇഫിൽ കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.





ജനവാസ മേഖലകളിലൂടെ ഉൾപ്പെടെ വൻതോതിൽ പ്രളയജലം കുതിച്ചൊഴുകിയതോടെ ത്വാഇഫിലെ പ്രധാന റോഡുകളും ഇടവഴികളും പൂർണമായി വെള്ളത്തിനടിയിലായി. താഴ്വ‌രകളിൽ രൂപപ്പെട്ട ശക്തമായ മലവെള്ളപ്പാച്ചിലിൽ പാതയോരങ്ങളിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിച്ചിരുന്നതുമായ നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.

പ്രളയസമാനമായ അന്തരീക്ഷവും വ്യാപക നാശനഷ്ടങ്ങളും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനിടെ, പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി മക്ക, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിലും ത്വാഇഫ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ വിവരം. മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൗരന്മാരും രാജ്യത്തുള്ള വിദേശികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.




സാഹചര്യം കണക്കിലെടുത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസും രംഗത്തെത്തിയിട്ടുണ്ട്. കനാലുകൾ, തോടുകൾ, അരുവികൾ, താഴ്വ‌രകൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണമായും അകന്നുനിൽക്കണമെന്ന് സിവിൽ ഡിഫൻസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കർശന നിർദേശം നൽകി. അപകടസാധ്യതയുള്ള മേഖലകളിലേക്ക് ഇറങ്ങരുതെന്നും നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

Post a Comment

0 Comments