'ന്യു ഡൽഹി:രാജി അയക്കാൻ അറിയില്ലായിരിക്കാം, മാപ്പുസാക്ഷി അപേക്ഷകള്‍ എഴുതാൻ മാത്രമാണ് RSS പഠിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ പരിഹസിച്ച് മഹുവ മൊയ്ത്ര
നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ രൂക്ഷ പരിഹാസവുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര രംഗത്ത് വന്നത്
കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്ക് ഒരു രാജിക്കത്ത് പോലും എഴുതാൻ അറിയാമോ എന്ന് മഹുവ മൊയ്ത്ര എക്സില്‍ പരിഹാസ രൂപേണ കുറിച്ചു.
"ഒരുപക്ഷേ വിദ്യാഭ്യാസ മന്ത്രിക്ക് രാജി കത്ത് എഴുതാൻ അറിയാമായിരിക്കില്ല. മാപ്പുസാക്ഷി ഹരജികള്‍ എഴുതാൻ മാത്രമാണ് ആർ.എസ്.എസ് പഠിപ്പിച്ചിട്ടുള്ളത്,"എന്ന് പരിഹസിച്ചായിരുന്നു മഹുവ മൊയ്ത്രയുടെ കുറിപ്പ്.
ഡല്‍ഹിയില്‍ നടന്ന 'സൻസദ് ചലോ' മാർച്ചിന് നേരെയുണ്ടായ പൊലിസ് അതിക്രമത്തിനും ലാത്തിച്ചാർജിനും പിന്നാലെ ജന്തർമന്തറില്‍ സമരം തുടരുന്ന 'കോക്രോച്ച് ജനതാ പാർട്ടി'യുടെ (CJP) പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മഹുവയുടെ പ്രതികരണം.
വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കെതിരെയും ജൂണ്‍ 20 മുതലാണ് സി.ജെ.പിയുടെ നേതൃത്വത്തില്‍ ജന്തർമന്തറില്‍ പ്രതിഷേധം ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ രാജി, പരീക്ഷാ തട്ടിപ്പിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്
0 Comments