ന്യൂഡൽഹി: ക്രോക്രോച്ചുകൾക്ക് മുന്നിൽ മുട്ടുമടക്കി കേന്ദ്രം,മന്ത്രി ജെ.പി നദ്ദ സി.ജെ.പി നേതാക്കളുമായി ചർച്ച നടത്തും"
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സമരം നടത്തുന്ന സി.ജെ.പി പ്രവർത്തകരുടെ ആവശ്യങ്ങൾക്കു മുന്നിൽ അവസാനം കേന്ദ്രം മുട്ടുമടക്കുന്നു. കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളെ ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പ്രതിനിധികൾ, അവർ ആവശ്യപ്പെട്ട പ്രകാരം കേന്ദ്ര മന്ത്രിയുമായി സംസാരിക്കാൻ അവസരമൊരുക്കി. പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിൽ സി.ജെ.പി പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിന് വൻ ജനപങ്കാളിത്തം ലഭിച്ചതിനു പിന്നാലെയാണ് സമരക്കാരെ കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചത്. സർക്കാർ പ്രതിനിധികൾ തങ്ങളെ ബന്ധപ്പെടുകയും, നേതാക്കൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാൻ അവസരം നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തതായി സി.ജെ.പി അറിയിച്ചു. പാർട്ടി പ്രതിനിധികളായ സൗരവ് ദാസിനെയും ദേശീയ വക്താവ് അശുതോഷ് രങ്കയെയും സി.ജെ.പി കൂടിക്കാഴ്ചയ്ക്കായി അയക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ സിജെപിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ചലോ സംസദ്' മാർച്ചിനിടെ സംഘർഷം. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ ലാത്തിവീശി. പാർലമെന്റിന് മുന്നിലെ സമരത്തിന് അനുമതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി
സർക്കാർ ഡൽഹി ഡി.സി.പി സച്ചിൻ ശർമ്മ വഴി സമരക്കാരുമായി ബന്ധപ്പെടുകയും, ആദ്യം ജില്ലാ മജിസ്ട്രേറ്റുമായും പിന്നീട് ഗവൺമെന്റ് സെക്രട്ടറിയുമായും ചർച്ചയ്ക്ക് അവസരമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രധാനമന്ത്രിയെയോ കേന്ദ്രമന്ത്രിമാരെയോ മാത്രം കാണണമെന്ന നിലപാടിൽ സി.ജെ.പി ഉറച്ചുനിന്നു. ചർച്ച നടത്താൻ ആഗ്രഹിക്കുന്ന മന്ത്രിമാരുടെ പേരുകളും അവർ നൽകി. ഇതിനു ശേഷമാണ് നദ്ദയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചതെന്നാണ് റിപ്പോർട്ട്. സമരനേതാക്കളും സർക്കാരും തമ്മിലുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്."
സൗരവ് ദാസ് ട്വീറ്റിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു: “കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിനിധികളായി അശുതോഷ് രങ്കയും ഞാനും ജെ.പി നദ്ദയെ കാണാൻ പോകുന്നു. രാവിലെ സർക്കാർ ചർച്ചയ്ക്കായി ബന്ധപ്പെട്ടിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാണ്. യുവജനങ്ങൾ വൻതോതിൽ എത്തിച്ചേർന്നിട്ടുണ്ട്. ഞങ്ങൾ വിജയിക്കും!” എന്ന് സൗരവ് ദാസ് എക്സിൽ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് തങ്ങളെ ബന്ധപ്പെട്ടതായി ഇന്ന് രാവിലെ തന്നെ സി.ജെ.പി അറിയിച്ചിരുന്നു. ഒരു മാസമായി തുടരുന്ന സമരത്തിനിടെ ഇതാദ്യമായാണ് സർക്കാർ തങ്ങളെ സമീപിക്കുന്നതെന്ന് സി.ജെ.പി വക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു."
.
0 Comments