LATEST

6/recent/ticker-posts

സൂക്ഷിക്കുക....? ബൈപ്പാസിലിറങ്ങിയാല്‍ ഇനി പണി പാളും! കോഴിക്കോട് ബൈപ്പാസില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്ക് കര്‍ശനം.

കോഴിക്കോട് രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലെആറുവരിപ്പാതയിലൂടെയുള്ള ഇരുചക്രവാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും യാത്രയ്ക്ക് കർശന നിരോധനമേർപ്പെടുത്തി ദേശീയപാതാ അതോറിറ്റി



നേരത്തെ തന്നെ ഈ വിലക്ക് നിലവിലുണ്ടായിരുന്നെങ്കിലും, ബൈപ്പാസിലെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് ഇപ്പോഴാണ് ഇത് പൂർണ്ണതോതില്‍ നടപ്പാക്കിത്തുടങ്ങിയത്. ഘട്ടംഘട്ടമായി ബൈപ്പാസിലെ എല്ലാ പ്രവേശന കവാടങ്ങളിലും വിലക്ക് കർശനമാക്കുമെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ പ്രശാന്ത് ദുബെ അറിയിച്ചു.

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ അടിയന്തര നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. ആറുവരിപ്പാത തുറന്ന സമയത്തുതന്നെ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ബോർഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും മിക്ക വാഹനങ്ങളും ഇത് അവഗണിക്കുകയായിരുന്നു പതിവ്.





അതിവേഗത്തില്‍ പോകുന്ന വാഹനങ്ങളെ മറികടക്കാനുള്ള മൂന്നാമത്തെ വരിയിലൂടെ വരെ ഇരുചക്രവാഹനങ്ങള്‍ അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്നത് പതിവായതും, ഒപ്പം കാലവർഷം ആരംഭിച്ചതും അപകടസാധ്യത ഇരട്ടിയാക്കി.






ഈ സാഹചര്യത്തിലാണ് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ നിരോധനം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചത്. വിലക്ക് ലംഘിച്ച്‌ ആറുവരിപ്പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കെതിരെ ഇനിമുതല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.






കൂടാതെ ബൈപ്പാസിലെ പ്രധാന പാതയിലും സർവീസ് റോഡുകളിലും നിയമവിരുദ്ധമായി വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിനെതിരെയും കർശന വിലക്കുണ്ട്. വാഹനം കേടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഇനിമുതല്‍ റോഡരികില്‍ നിർത്താൻ അനുവദിക്കുകയുള്ളൂ.