ന്യൂഡല്‍ഹി: രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ വിമാനത്താവളത്തിന് പുറത്തിറങ്ങി. അംബേദ്കറിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് ദീപ്‌കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാല്‍ അഭിജീത് ദീപ്‌കെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ നേരെ ജന്തര്‍ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലിസ് സ്റ്റേഷനില്‍ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നായിരുന്നു നേരത്തെ സിജെപി നേതൃത്വം അറിയിച്ചിരുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാര്‍ട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.