താമരശ്ശേരി ചുരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മൂന്നാം ദിവസമായ ഇന്നും (ഞായറാഴ്ച) തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച യാത്രാദുരിതത്തിന് ഇനിയും യാതൊരു ശമനവുമില്ലെന്നാണ് ഇന്നത്തെ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഇന്നലെ രാത്രിയും ചുരമിറങ്ങാൻ എത്തിയ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. അർദ്ധരാത്രി പിന്നിട്ട് പുലർച്ചെ രണ്ടു മൂന്ന് മണി വരെ ചുരത്തൽ ലക്കിടി മുതൽ ആറാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു ദൃശ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിപ്പോയ അത്യാവശ്യ യാത്രക്കാരും രോഗികളും അനുഭവിച്ച പ്രയാസങ്ങൾ വിവരിക്കാനാകാത്തതാണ്.
ചുരത്തിൽ ഇത്രയും വലിയ പ്രതിസന്ധിയും മണിക്കൂറുകൾ നീണ്ട ബ്ലോക്കും ഉണ്ടായിട്ടും വാഹനങ്ങളെ നിയന്ത്രിക്കാൻ എവിടെയും ട്രാഫിക് പോലീസിന്റെ സാന്നിധ്യമോ കൃത്യമായ ഇടപെടലുകളോ ഉണ്ടായിരുന്നില്ല എന്നത് യാത്രക്കാരെയും പൊതുജനങ്ങളെയും വല്ലാതെ ബുദ്ധിമുട്ടിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും യാതൊരുവിധ ഗതാഗത നിയന്ത്രണങ്ങളും ഇല്ലാത്തത് കുരുക്കിന്റെ ആക്കം കൂട്ടി.
ഇത്രയൊക്കെയായിട്ടും ഇന്ന് ഞായറാഴ്ച രാവിലെ മുതൽ വീണ്ടും ചുരം കയറാൻ നൂറുകണക്കിന് വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ചുരത്തിലെ കയറ്റത്തിൽ വീണ്ടും ഗതാഗതക്കുരുക്ക് രൂക്ഷമായിക്കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ വിനോദസഞ്ചാരികൾ മടങ്ങിയിറങ്ങുമ്പോൾ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യത. അതിനാൽ, പൊതുജനങ്ങൾ ദയവായി സാഹചര്യം മനസ്സിലാക്കി അത്യാവശ്യമല്ലാത്ത ചുരം വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.