പശുവിറച്ചി കടത്തിയെന്നാരോപിച്ച് നിയമവിരുദ്ധമായി വാഹനം പിടിച്ചെടുത്തതിന് ഉത്തർപ്രദേശ് സർക്കാറിന് പിഴ വിധിച്ച് അലഹബാദ് ഹൈകോടതി. വാഹന ഉടമക്ക് ഏഴ് ദിവസത്തിനകം രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജസ്റ്റിസ് സന്ദീപ് ജെയ്ൻ ഉത്തരവിട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടി ഹർജിക്കാരന്റെ ഉപജീവനമാർഗം തടസ്സപ്പെടുത്തിയെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ ഈ സുപ്രധാന വിധി.
യു.പി പശു വധ നിരോധന നിയമപ്രകാരം നടപടിയെടുക്കണമെങ്കിൽ പിടിച്ചെടുത്ത ഇറച്ചി പശുവിന്റേതാണെന്ന് അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള പരിശോധന ഫലം അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാഗ്പതിലെ വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇറച്ചിയുടെ ഉറവിടം വ്യക്തമായിരുന്നില്ല. ഇറച്ചി 'പശുവിന്റേതാണെന്ന് സംശയിക്കുന്നു' എന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെടാതെ പശുവിറച്ചി കടത്തിയെന്നാരോപിച്ച് വാഹനം കണ്ടുകെട്ടിയത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി.
ഹർജിക്കാരന് നൽകേണ്ട രണ്ടു ലക്ഷം രൂപ മീററ്റ് ഡിവിഷനൽ കമീഷണർ, ബാഗ്പത് ജില്ല മജിസ്‌ട്രേറ്റ്, ഖഖേര എസ്.എച്ച്.ഒ എന്നിവരിൽനിന്ന് ഈടാക്കാൻ സർക്കാറിന് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, പിടിച്ചെടുത്ത മഹീന്ദ്ര പിക്അപ്പ് വാൻ മൂന്ന് ദിവസത്തിനുള്ളിൽ വിട്ടുനൽകാനും കോടതി നിർദേശിച്ചു.
2024 ഒക്ടോബർ 18നാണ് മുഹമ്മദ് ചാന്ദിന്റെ വാഹനം ബാഗ്പത് പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിൽ പശുവിറച്ചി കടത്തിയെന്നും പൊലീസിന് നേരെ വെടിവെച്ചെന്നും ആരോപിച്ചായിരുന്നു കേസ്. ജില്ല മജിസ്‌ട്രേറ്റും ഡിവിഷണൽ കമീഷണറും വാഹനം വിട്ടുനൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ചാന്ദ് ഹൈകോടതിയെ സമീപിച്ച് പരിഹാരം തേടിയത്.