ആലപ്പുഴ: പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെ'ന്നും, മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും മുതിന്ന സിപിഎം നേതാവ് ജി സുധാകരൻ.ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ പിതാവിനെ ആക്ഷേപിച്ച് ലോക്കൽ കമ്മിറ്റി അംഗം ഫേസ്ബുക്ക് പോസ്റ്റിട്ടു. പോസ്റ്റിട്ട വ്യക്തി ജില്ല കമ്മിറ്റി അംഗത്തിന്റെ സുഹൃത്താണ്. താൻ ഒരു പരിഗണനയും അർഹിക്കാത്ത ആളാണെന്ന് രീതിയിൽ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു, ആരും അത് ചോദ്യം ചെയ്തില്ല. ആശയാദർശങ്ങളിൽ ജനലക്ഷങ്ങൾക്കൊപ്പം ഉറച്ചു നിൽക്കും. ആശംസകൾ, നന്ദി' എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്"
"ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം എന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ചു പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബി ഐ ആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ എനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ല. എന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ ഞാൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത് . ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി ഞാൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യും. എല്ലാവർക്കും ആശംസകൾ. നന്ദി.."