തിരുവല്ല: പിതാവിന്റെ അന്ത്യകർമ്മങ്ങളില്‍ പങ്കെടുക്കാൻ ദുബായില്‍ നിന്നെത്തിയ മകൻ ഹൃദയാഘാതം മൂലം മരിച്ചു. നിരണം പണിക്കശ്ശേരില്‍ എബ്രഹാം ഡാനിയേല്‍ (40) ആണ് മരിച്ചത്
പിതാവ് പി.ജി. ഡാനിയേലിന്റെ (80) സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് എബ്രഹാം എത്തിയത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്ന പി.ജി. ഡാനിയേല്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. പിതാവിന്റെ മരണവാർത്ത അറിഞ്ഞ് ചൊവ്വാഴ്ചയാണ് എബ്രഹാം ഡാനിയേല്‍ തന്റെ മറ്റ് രണ്ട് സഹോദരങ്ങള്‍ക്കൊപ്പം ദുബായില്‍ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു പിതാവിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന കുടുംബ പ്രാർത്ഥനയില്‍ പങ്കെടുത്ത ശേഷം ഉറങ്ങാൻ കിടന്ന എബ്രഹാമിന് രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള വ്യക്തിയായിരുന്നു എബ്രഹാം. ഇരുവരുടെയും സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച രാവിലെ 11.30ന് നിരണം വലിയ പളളിയില്‍ വെച്ച് നടന്നു.