ന്യൂഡല്‍ഹി: രാജ്യത്ത് എൽപിജി വിതരണ തോത് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഹോർമുസ് കടലിടുക്ക് കടന്ന് കൂടുതൽ എൽപിജി ടാങ്കറുകൾ എത്തിയതോടെയാണ് വിതരണ തോത് വർധിപ്പിക്കാൻ പെട്രോളിയം മന്ത്രാലയം ഒരുങ്ങുന്നത്. ഒരാഴ്ചയ്ക്കിടെ വിവിധ കപ്പലുകളിൽ നിന്നായി 1.4 ലക്ഷം മെട്രിക് ടൺ എൽപിജി ആണ് ഇന്ത്യയിൽ എത്തിയത്.ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടെന്നും, ഉപഭോക്താക്കൾക്ക് സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
ഹോർമുസ് താണ്ടിയ രണ്ട് കപ്പലുകൾ കൂടി എത്തുന്നതോടെ വിതരണം വേഗത്തിലാക്കാം എന്ന കണക്കുകൂട്ടലിലാണ് പെട്രോളിയം മന്ത്രാലയം. നേരത്തെ സംസ്ഥാനങ്ങൾക്ക് നൽകുന്ന സിലിണ്ടറുകളുടെ വിഹിതത്തിൽ വർധനവ് വരുത്തിയിരുന്നു. പെട്രോൾ, ഡീസൽ എന്നിവ രണ്ടുമാസത്തേക്കുള്ള സംഭരണം ഉണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. ഹോർമുസ് താണ്ടുന്ന കപ്പലുകൾക്ക് സുരക്ഷ ഒരുക്കാൻ വിവിധ രാജ്യതലവന്മാരുമായി നടന്ന സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.