തൃശ്ശൂർ:റാപ്പർ വേടൻ വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. വൈകുന്നേരം പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്ക്കാരം ഒരുക്കിയിരുന്നു.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരിയാണ് നവമിയുടെ വീട്. കഴിഞ്ഞ ദിവസം നടന്ന ബാച്ച്‌ലർ പാർട്ടിയുടെ ചിത്രങ്ങൾ നവമിലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
വിവാഹവിവരം കണ്ണൂരിലെ ഒരു പരിപാടിയിൽ വേടൻ തന്നെയാണ് സ്ഥിരീകരിച്ചത്. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലാണ് വിവാഹം നടക്കുക എന്ന് വേടൻ വ്യക്തമാക്കിയിരുന്നു. തദ്ദേശസ്വയംഭരണദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിലാണ് വേടൻ വിവാഹക്കാര്യം പങ്കുവെച്ചത്.
ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വേടൻ. വേദിയിൽവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വേടനെ പൊന്നാടയണിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനുശേഷം സംസാരിക്കുന്നതിനിടെ എംവി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്. പിന്നാലെ മറുപടി പ്രസംഗത്തിൽ വേടനും ഈ സന്തോഷവാർത്ത സ്ഥിരീകരിച്ചു. 'മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്'- എന്നാണ് വേടൻ പറഞ്ഞത്.
നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പൊതുപരിപാടികൾക്കെല്ലാം വേടനൊപ്പം നവമി ലതയും പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചിയതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ തിരുവനന്തപുരത്തെത്തിയപ്പോൾ വേടനൊപ്പം നവമി ലതയുമുണ്ടായിരുന്നു. അന്ന് വേടനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് 'പൊണ്ടാട്ടി' എന്നാണ് നവമി ലത കുറിച്ചത്."