Sunday, February 22, 2026

ഇതാ മറ്റൊരു കേരള സ്റ്റോറി;താമരശേരി ക്കാരൻ പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടില്‍

തൃശ്ശൂർ: ഉത്സവാരവങ്ങള്‍ക്കിടയിലും മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ സന്ദേശം വിളിച്ചോതി പാവറട്ടിയില്‍ നിന്നൊരു ദൃശ്യം.

പാടൂർ പുതുകാവ് ക്ഷേത്രോത്സവത്തിനിടെ എഴുന്നള്ളിച്ച ആനയുടെ കാല്‍ച്ചുവട്ടിലിരുന്ന് ഒന്നാം പാപ്പാൻ സൈനുദ്ധീൻ നോമ്പുതുറക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ക്ഷേത്രക്കമ്മിറ്റിയുടെ കരുതലും സ്നേഹവുമാണ് ഈ നോമ്പുതുറയെ ഹൃദ്യമാക്കിയത്.

കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സൈനുദ്ധീൻ 'അക്കരമേല്‍ ശേഖരൻ' എന്ന ആനയുടെ ഒന്നാം പാപ്പാനായി 21 വർഷമായി രംഗത്തുണ്ട്. വെള്ളിയാഴ്ച നടന്ന പൂരത്തിന് എത്തിയപ്പോള്‍ സൈനുദ്ധീൻ നോമ്പിലാണെന്ന് അറിഞ്ഞ പാടൂർ ഗ്രാമിക എന്ന ക്ഷേത്രക്കമ്മിറ്റിക്കാർ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയായിരുന്നു. ഉച്ചഭക്ഷണം വേണ്ടെന്ന് സൈനുദ്ധീൻ പറഞ്ഞിരുന്നെങ്കിലും, കൃത്യം വൈകീട്ട് 6.28-ന് നോമ്പുതുറ സമയമായപ്പോള്‍ കമ്മിറ്റിക്കാർ ഭക്ഷണവും വെള്ളവും ആനക്കരികില്‍ എത്തിച്ചു നല്‍കി.

ആനയുടെ അരികിലിരുന്ന് സൈനുദ്ധീൻ നോമ്പുതുറക്കുന്ന ദൃശ്യം ക്ഷേത്രക്കമ്മിറ്റിക്കാർ തന്നെയാണ് മൊബൈലില്‍ പകർത്തിയത്. ആനയുടെ മാനേജർ റിയാസും ഇവരോടൊപ്പം ഉണ്ടായിരിന്നു."പ്രതീക്ഷിക്കാതെയാണ് അവർ എനിക്ക് ഭക്ഷണം എത്തിച്ചു തന്നത്, ആ സ്നേഹത്തിന് നന്ദി പറയാൻ വാക്കുകളില്ല" എന്ന് സൈനുദ്ധീൻ പറഞ്ഞു. രാത്രി കൂട്ടിയെഴുന്നള്ളിപ്പ് കഴിഞ്ഞ് സ്നേഹത്തോടെ യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ മറ്റൊരു പൂരത്തിന്റെ സംതൃപ്തിയിലായിരുന്നു സൈനുദ്ധീനും സംഘവും.

ഇതാ മറ്റൊരു കേരള സ്റ്റോറി;താമരശേരി ക്കാരൻ പാപ്പാൻ നോമ്പ് തുറന്നത് ഉത്സവപ്പറമ്പിലെ ആനയുടെ ചുവട്ടില്‍

തൃശ്ശൂർ: ഉത്സവാരവങ്ങള്‍ക്കിടയിലും മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ സന്ദേശം വിളിച്ചോതി പാവറട്ടിയില്‍ നിന്നൊരു ദൃശ്യം. പാടൂർ പുതുകാവ് ക്ഷേത്രോത്സ...