കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്.
കൊച്ചി: വിവാദങ്ങള്‍ക്ക് പിന്നാലെ കേരള സ്‌റ്റോറി 2 കാണാന്‍ ഹൈക്കോടതി. സിനിമയ്ക്ക് കേരളത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ട്. ഇത് കാണാതിരിക്കാന്‍ ആവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള സ്‌റ്റോറി രണ്ടാംഭാഗം റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ഈ സിനിമ 1952ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ഹരജി. കണ്ണൂരിലെ ശ്രീദേവ് നമ്പൂതിരി സമര്‍പ്പിച്ച ഹരജിയില്‍, നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്ചേഴ്സിനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു.
ഇതിനിടെ കേരളത്തില്‍ ആരെയും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതായി അറിയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സിനിമയെ സിനിമയായി കണ്ടാല്‍ മതി. സിനിമയില്‍ വരുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നില്ലല്ലോ. സിനിമ ബിജെപിയുടേതല്ല. അതിനാല്‍ നിലപാട് പറയാനും ഇല്ലെന്ന് എം ടി രമേശ് പറഞ്ഞു. കേരളം എങ്ങനെയാണെന്ന് കേരളത്തിലെ ആളുകള്‍ക്ക് അറിയാം. കേരളത്തില്‍ മതതീവ്രവാദം ഉള്‍പ്പെടെ എതിര്‍ക്കപ്പെടേണ്ട പലതുമുണ്ട്. അതിനെ രാഷ്ടീയമായി എതിര്‍ക്കുമെന്നും എം ടി രമേശ് പറഞ്ഞു. ഇഷ്ടപ്പെടാത്ത സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നത് സിപിഐഎമ്മിന്റെ രീതിയാണ്. സിനിമ കാണരുതെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. സിനിമ കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. വിവാദം ഉണ്ടാക്കി സിനിമ വിജയിപ്പിക്കുന്നതിന് പി ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്നും എം ടി രമേശ് പറഞ്ഞു. 'കേരള സ്റ്റോറി'യെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു എം ടി രമേശിന്റെ പ്രതികരണം.