മലപ്പുറം: ഭാരതപ്പുഴയിൽ നടത്താൻ തീരുമാനിച്ച 'മഹാമാഘമകം' മഹോത്സവം തടയാൻ മലപ്പുറത്തുകാർ ശ്രമിക്കുന്നുവെന്ന സൈബർ ഇടങ്ങളിലെ വർഗ്ഗീയ പ്രചാരണങ്ങൾക്കെതിരെ അധ്യാപകൻ ആർ ഷിജുവിന്റെ കുറിപ്പ്.
കുംഭമേള സർക്കാർ തടഞ്ഞെന്നും ഇതിന് പിന്നിൽ ഒരു പ്രത്യേക മതവിഭാഗമാണെന്നും തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വലതുപക്ഷ സൈബർ ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇതിനെയാണ് വസ്തുതകൾ നിരത്തി ഷിജു ചോദ്യം ചെയ്യുന്നത്. മഹോത്സവത്തിന്റെ ഭാഗമായി നദീതീരത്ത് നടത്തിയ ചില നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതി ഇല്ലാതിരുന്നതിനാലാണ് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയത്.
എന്നാൽ പിന്നീട് കളക്ടറുമായി നടത്തിയ ചർച്ചയിൽ ഈ സാങ്കേതിക പ്രശ്നം പരിഹരിക്കപ്പെടുകയും നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്തു. തീർത്തും നിയമപരമായ ഈ നടപടിയെയാണ് മതപരമായ വിദ്വേഷമാക്കി മാറ്റാൻ ചിലർ ശ്രമിച്ചതെന്ന് ഷിജു ചൂണ്ടിക്കാട്ടുന്നു.
തിരുമാന്ധാംകുന്ന്, ആലത്തിയൂർ, കാടാമ്പുഴ, നാവാമുകുന്ദ ക്ഷേത്രം തുടങ്ങി ചരിത്രപ്രസിദ്ധമായ നൂറുകണക്കിന് ക്ഷേത്രങ്ങളുള്ള മലപ്പുറം മതസൗഹാർദ്ദത്തിന്റെ നാടാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുതിരിപ്പറമ്പ് ജുമുഅ മസ്ജിദ് നവീകരിച്ചപ്പോൾ പായസം വിളമ്പിയത് അടുത്തുള്ള ഭഗവതി ക്ഷേത്ര ഭാരവാഹികളാണെന്ന വസ്തുതയും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ നടന്നാൽ വിദ്വേഷത്തിന്റെ നുണകൾ പൊളിയുമെന്നും സ്നേഹത്തിന്റെ ആയിരം സത്യങ്ങൾ തെളിയുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ തടസ്സങ്ങൾ നീക്കിയതോടെ ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ തിരുനാവായയിൽ മഹോത്സവം നടക്കും"
"ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
"റംസാൻ മാസത്തിൽ കുടിവെള്ളം കിട്ടാത്ത മലപ്പുറ" ത്തിന് ശേഷം ഞങ്ങളവതരിപ്പിക്കുന്നു, "കുംഭമേള നടത്താൻ സമ്മതിക്കാത്തവരുടെ ബാപ്പാൻ്റെ സ്വത്തല്ല ഭാരതപ്പുഴ."
തിരുനാവാ മണപ്പുറത്ത് ഇന്ന് മുതൽ നടക്കാനിരിക്കുന്ന കുംഭമേളയുമായി ബന്ധപ്പെട്ട് ഉണ്ടായ തടസ്സങ്ങൾ തീർത്തും നിയമപരവും സാങ്കേതികവുമായിരുന്നു എന്ന് വാർത്തകൾ കണ്ടാൽ മനസ്സിലാവും. നദീതീരത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മാത്രമാണ് വില്ലേജ് ഓഫീസിൽ നിന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്. അതാവട്ടെ കലക്ടറുമായുളള ചർച്ചയിൽ പരിഹരിക്കപ്പെട്ടിരിക്കുന്നു.
ഇന്ന് തുടങ്ങുകയാണ് കുംഭമേള. നല്ലതു തന്നെ!
പക്ഷേ,
അപ്പോഴേക്കും വിദ്വേഷത്തിൻ്റെ നുണകുംഭങ്ങൾ തുറന്നുവിട്ട എന്തെല്ലാം നറേറ്റീവുകളാണ് രണ്ടു ദിവസമായി സോഷ്യൽ മീഡിയ ചുറ്റിക്കറങ്ങുന്നത് !
മേല്പറഞ്ഞ പ്രതിസന്ധികളിൽ ഒരു സമൂഹം എന്ന നിലയിൽ മലപ്പുറത്തെ മുസ്ലീങ്ങൾക്ക് എന്തു പങ്കാണുള്ളത്? ഏതെങ്കിലും മുസ്ലിം സംഘടനയോ വ്യക്തികളോ കുംഭമേളയെ പറ്റി എന്തെങ്കിലും പറഞ്ഞോ ? എന്നാൽ ഭാരതപ്പുഴ "ആരുടെയും ബാപ്പാൻ്റെ ( വാക്ക് ശ്രദ്ധിക്കണം 😃 ) സ്വത്തല്ല എന്ന് പറഞ്ഞത് ഒരു സന്ന്യാസിയാണ്.
സകല ഇന്ദ്രിയ മോഹങ്ങളും ഉപേക്ഷിച്ച്, പൂർവ്വാശ്രമത്തിലെ അവരവരുടെ ജീവിതത്തിന് പോലും വായ്ക്കരിയിട്ടാണ് ഒരു സന്യാസി പിറവി കൊള്ളേണ്ടത്. സംയമനമാണ് സന്യാസത്തിൻ്റെ മനോഭാവം. എന്നിട്ടുമെന്ത് പ്രകോപനത്തിലാണ് ആ സംസാരങ്ങൾ ?
"മലപ്പുറമല്ലേ ? തടസ്സങ്ങളുണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ " എന്ന് ആശ്ചര്യപ്പെടുന്ന ഒരു ചെറുപ്പക്കാരൻ്റെ ലൈവ് വീഡിയോ കണ്ടു.
സുഹൃത്തേ ,
നിങ്ങൾക്ക് സ്വാഗതം.
തിരുമാന്ധാം കുന്നും ആലത്തിയൂരും കാടാമ്പുഴയും നാവാമുകുന്ദ ക്ഷേത്രവും തൃക്കണ്ടിയൂരും തൃപ്പങ്ങോട്ടുമടക്കം ചരിത്ര പ്രാധാന്യമുള്ള നൂറുകണക്കിന് ക്ഷേത്രങ്ങൾ ഈ മലപ്പുറത്തുണ്ട്. വർണ്ണശബളങ്ങളായ ക്ഷേത്രോത്സവങ്ങളും.
മുതിരിപ്പറമ്പ് ജുമു അ മസ്ജിദിൻ്റെ നവീകരണ സന്തോഷത്തിന് പായസം വിളമ്പിയത് മുതിരിപ്പറമ്പ് കുന്നുമ്മൽ ഭഗവതിക്ഷേത്ര ഭാരവാഹികളാണ്.
അതാണ് മലപ്പുറം.
ഇത് മലപ്പുറത്തിന്റെ മാത്രം കഥയല്ല. പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്ര ഭാരവാഹികളും ഒരുമിച്ചിരുന്നു ഉത്സവം തീയതി കുറിക്കുന്ന ക്ഷേത്രം ഉള്ളത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്താണ്.
മുസ്ലിം തറവാട്ടിൽ നിന്ന് കാച്ചിമുണ്ട് ( പരമ്പരാഗതമായി മുസ്ലിം സ്ത്രീകൾ ധരിക്കുന്ന വസ്ത്രം) ക്ഷേത്രത്തിൽ കാണിക്ക നൽകുന്നത് എൻ്റെ നാടായ ഓർക്കാട്ടേരിയിലെ ഒരു ചടങ്ങാണ്.
കേരളത്തിൻ്റെ ഗ്രാമാന്തരങ്ങളിൽ ഇറങ്ങി നടന്നാൽ വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും നുണകൾ പൊളിഞ്ഞു വീഴുകയും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ആയിരം സത്യങ്ങൾ കൺമുന്നിൽ തെളിഞ്ഞു വരികയും ചെയ്യും.
അതാണ് കേരളം.
സർക്കാരും സംഘാടകരും തമ്മിലുള്ള ( പരിഹരിച്ചു കഴിഞ്ഞ) ഒരു തർക്കത്തിൻ്റെ പേരിൽ നാടിൻ്റെ സമുദായിക ഐക്യത്തെ ചുട്ടുചാമ്പലാക്കരുത്.
കുംഭമേളയ്ക്ക് ആശംസകൾ ❤
ഷിജു ആർ"