ഗാസിയാബാദ്: സൂപ്പർ മാർക്കറ്റിലെ ബാർകോഡ് സ്കാൻ ചെയ്യുന്നതുപോലെ മനുഷ്യരുടെ പുറകിൽ മൊബൈൽ ഫോൺ വെച്ച് പൗരത്വം പരിശോധിക്കുന്നത് ലോകത്തെവിടെയങ്കിലും നടന്നതായി കേട്ടിട്ടുണ്ടോ?, ഇല്ലെങ്കിൽ ഇതാ നമ്മുടെ രാജ്യത്ത് അതും യു.പിയിൽ നിന്നുള്ള ഒരു വാർത്ത യാണ് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.ഉത്തർപ്രദേശ് പൊലിസായ് ഇത്തരം ഒരു നടപടിയുമായി രംഗത്ത് വന്നത്.ഗാസിയാബാദിൽ നിന്നുള്ള ഈ വിചിത്രമായ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലിസിനെതിരെ വ്യാപക പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.
പൗരത്വം തെളിയിക്കാൻ സർക്കാർ അംഗീകരിച്ചിട്ടുള്ള രേഖകൾ പരിശോധിക്കുന്നതിന് പകരം, മൊബൈൽ ഫോൺ ഉപയോഗിച്ച് ആളുകളുടെ പുറകിൽ സ്കാൻ ചെയ്യുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഗാസിയാബാദിലെ പൊലിസ് ഉദ്യോഗസ്ഥനായ അജയ് ശർമ്മയാണ് ഇത്തരത്തിൽ 'നിഗൂഢ' പരിശോധന നടത്തിയത്. വ്യക്തിയുടെ ശരീരത്തിൽ സ്കാൻ ചെയ്താൽ അയാളുടെ ജന്മസ്ഥലവും വിലാസവും ഫോണിൽ തെളിയുമെന്നാണ് ഉദ്യോഗസ്ഥന്റെ അവകാശവാദം."
പരിശോധനയ്ക്കിടെ ഒരാളെ സ്കാൻ ചെയ്ത പൊലിസ് ഉദ്യോഗസ്ഥൻ അയാൾ ബംഗ്ലാദേശിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എന്നാൽ പരിശോധനയ്ക്ക് വിധേയനായ വ്യക്തി ബിഹാറിലെ അരാരിയ സ്വദേശിയാണെന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ പൊലിസിന്റെ 'സ്കാനിങ് വിദ്യ' പൊളിഞ്ഞു. ഡിസംബർ 23-നാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഗാസിയാബാദിലെ ചേരി പ്രദേശങ്ങളിൽ ആണ് യുപി പൊലിസിന്റെ പരിശോധന നടന്നത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക എന്ന അവകാശവാദമുന്നയിച്ചാണ് യുപി പൊലിസും സിആർപിഎഫും പരിശോധന നടത്തിയത്.
സാങ്കേതികവിദ്യയെ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു ആപ്പ് ഉപയോഗിച്ച് ഒരാളുടെ പൗരത്വം എങ്ങനെ കണ്ടെത്താൻ കഴിയുമെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. വീഡിയോ വൈറലായതോടെ മുതിർന്ന പൊലിസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല."
No comments:
Post a Comment