Tuesday, January 20, 2026

അനിയൻ വലിയ വീട് വച്ചപ്പോൾ ചേട്ടന്റെ 'വില'യിടിഞ്ഞു: കുരുക്കിലായത് ഭാര്യ; ഇത് നിങ്ങൾക്കും സംഭവിക്കാം; അനുഭവം

പല മലയാളിവീടുകൾക്കുപിന്നിലും സിനിമാക്കഥയെ വെല്ലുന്ന അനുഭവങ്ങളുണ്ടാകും. ഒരു ശരാശരി കുടുംബത്തിന്റെ കഥയാണിത്. ഭർത്താവ് മുൻപ്രവാസി, ഇപ്പോൾ നാട്ടിലെത്തി കട നടത്തുന്നു. ഭാര്യ ഗൾഫിൽ കനത്ത ശമ്പളം വാങ്ങുന്ന നഴ്സാണ്. പെൺമക്കൾ രണ്ടുപേരും ബോർഡിങ് സ്‌കൂളിൽ. നാട്ടിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള വീടുണ്ട്. ഭർത്താവും അയാളുടെ അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ഉള്ള മുറികൾ പലതും അടഞ്ഞുകിടക്കുകയാണ്. എന്നിട്ടും വീടിനെ കുറിച്ച് ചില അസ്വസ്ഥതകൾ മനസ്സിൽ രൂപപെട്ടുവരികയാണ്.

കാരണം മറ്റൊന്നുമല്ല, ആയിടയ്ക്കാണ് കക്ഷിയുടെ പ്രവാസിയായ അനിയൻ പഴയ കുടുംബവീട് പൊളിച്ചുകളഞ്ഞു പുതിയ ഇരുനില വീട് വച്ചത്. കമനീയമായ അകത്തളങ്ങളുള്ള വീട്. പാലുകാച്ചൽ വമ്പൻ ചടങ്ങായിരുന്നു. ആ ഒറ്റ ചടങ്ങിലൂടെ കുറച്ചുവർഷമായി നാട്ടിൽ താമസിക്കുന്ന തന്നെക്കാൾ നിലയും വിലയും അനിയന് ലഭിച്ചതിൽ അയാൾക്ക് അസൂയ തോന്നി. സത്യത്തിൽ അന്നുമുതലാണ് തന്റെ വീടിന് സൗന്ദര്യം പോരെന്നും പഴഞ്ചനായെന്നും അയാൾക്ക് തോന്നി തുടങ്ങുന്നത്. അങ്ങനെ ഗൾഫിലുള്ള ഭാര്യയോട് കാര്യമവതരിപ്പിച്ചു. നിലവിലുള്ള വീട്ടിലെ ഇടങ്ങൾ തന്നെ ഉപയോഗിക്കുന്നില്ല, മുറികൾ അടഞ്ഞുകിടക്കുന്നു, എല്ലായിടവും തൂത്തു വൃത്തിയാക്കാൻ പ്രായമായ അമ്മയ്ക്ക് കഴിയുന്നില്ല. ജോലിക്കാരെ കിട്ടാനില്ല. അന്നേരം വീണ്ടും വീടിനായി പണം മുടക്കേണ്ട കാര്യമുണ്ടോ? "മധ്യവയസ്സിന്റെ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട്. നല്ല കാലം മുഴുവൻ കുടുംബവുമൊത്ത് കഴിയാൻ സാധിക്കാത്തതിന്റെ മാനസിക വിഷമതകളുണ്ട്. കുറച്ചു വർഷങ്ങൾ കൂടി സമ്പാദിച്ചിട്ട് നാട്ടിൽ തിരികെയെത്തണം എന്നാണ് മോഹം. അന്നേരം വീണ്ടും അനാവശ്യ സാമ്പത്തിക ബാധ്യത എടുത്തുവയ്‌ക്കേണ്ടതുണ്ടോ? ഭാര്യ ചോദിച്ചു.

രണ്ടു പെണ്മക്കൾ വളർന്നു വരുന്നു. ഈ പഴഞ്ചൻ വീട് കണ്ടാൽ നല്ല കുടുംബത്തിൽ നിന്ന് ഏതേലും ആലോചനകൾ വരുമോ? വീട് എന്നാൽ അന്തസ് കൂടിയാണ്. ഭർത്താവ് മറുവാദം ഉന്നയിച്ചു. ആ ഇമോഷണൽ ട്രാപ്പിൽ ഭാര്യ വീണു. അങ്ങനെ പഴയ വീട് പുതുക്കിപ്പണിയാം എന്നായി.

ഭാര്യയുടെ ഫിക്സഡ് ഡെപ്പോസിറ്റ്, സ്വർണം, ബാങ്ക് ലോൺ എല്ലാം ചേർത്ത് വീട് പൊളിച്ചുപണിതു. മുകളിലേക്ക് മുറികൾ കൂട്ടിയെടുത്ത്, അകത്തളവും ചുറ്റുവട്ടവും മോടിപിടിപ്പിച്ചപ്പോൾ ഏതാണ്ട് ഒരുപുതിയവീട് പണിയുന്നതിനേക്കാൾ കാശായി. ഗൾഫുകാരിയുടെ വീടായതിനാൽ കോൺട്രാക്റ്ററും പരമാവധി മുതലെടുത്തു. അനിയന്റെ വീടിന്റെ പാലുകാച്ചൽ ചടങ്ങിനെക്കാൾ ഗംഭീരമായി ഗൃഹപ്രവേശം നടത്തി ചേട്ടൻ 'നാട്ടിലെ വില' തിരിച്ചുപിടിച്ചു. പരിപാടി കളറാക്കിയ വകയിൽ ഇവന്റ് മാനേജ്‌മെന്റ് ടീം നല്ലൊരു തുകയുടെ ബിൽ കൊടുത്തു. അതും സെറ്റിൽ ചെയ്തത് ഭാര്യയാണ്.അനിയന്റെ വീടിനെക്കാൾ വലുപ്പത്തിൽ ഒരുഗ്രൻ വീട്. മുറ്റത്തെല്ലാം ടൈൽസിട്ട് പുല്ല് പിടിപ്പിച്ച് മതിലും ഗേറ്റും മട്ടുപ്പാവും ഷോവാളും ക്ലാഡിങ്ങും ഒക്കെയുള്ള അസ്സൽ കന്റെംപ്രറി വീട്. തലയുയർത്തി നിൽക്കുന്ന വീട്ടിൽ അഭിമാനത്തോടെ നിൽക്കുന്ന ഭർത്താവ്. പക്ഷേ ഭാര്യയുടെ മേൽ സമ്മർദ്ദങ്ങൾ ഏറുകയാണ്. നീക്കിയിരുപ്പായ എഫ്ഡി പൊട്ടിച്ചു. സ്വർണം പോയി. ഹോംലോൺ ഇഎംഐ മാസം ബാധ്യതയായി തുടങ്ങി. കൃത്യമായി ഉറക്കം പോലുമില്ലാത്ത നൈറ്റ് ഷിഫ്റ്റുകളും മറ്റു സമ്മർദങ്ങളും അവരെ തളർത്തുന്നു.

പക്ഷേ ഭർത്താവ് നാട്ടിൽ തിരികെ പിടിച്ച രാജപദവിയുടെ മൂഢസ്വർഗത്തിൽനിന്ന് ഇനിയും തിരിച്ചിറങ്ങിയിട്ടില്ല. കൂട്ടായ്മകളിൽ സെലിബ്രിറ്റി പരിവേഷം. എത്ര കാലത്തേക്ക്? കുറച്ചുകഴിയുമ്പോൾ അതിനേക്കാൾ വലിയ ഒരു വീട് നാട്ടിൽ ഉയരുമ്പോൾ ആളുകളുടെ ശ്രദ്ധ അവിടേക്ക് പോകും. അതുവരെമാത്രം.ഇനിയെത്ര നാൾ ഗൾഫിൽ പണിയെടുത്താലാണ് നാട്ടിൽ വന്ന് സമാധാനപൂർവം വിശ്രമജീവിതം നയിക്കാൻ പാകത്തിന് സാമ്പത്തിക സുരക്ഷയുണ്ടാവുക, വീടുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ തീർക്കാനാവുക, പെണ്മക്കളെ നല്ല നിലയിൽ കെട്ടിച്ചുവിടാനാവുക എന്ന കാര്യത്തിൽ മാത്രം ഒരു അനിശ്ചിതാവസ്ഥയുണ്ട്....
 

No comments:

Post a Comment

പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥

പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ  മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർത...