സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെ പഴുതുകള്‍ ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്ത്രീ പുരുഷനെതിരെ എന്ത് പറഞ്ഞാലും അത് ആഘോഷിക്കപ്പെടും എന്നുള്ളതാണ്.
ബസില്‍ വെച്ച് മോശമായി സ്പർശിച്ചെന്ന തരത്തില്‍ ആരോപണവുമായി വിഡിയോ പ്രചരിച്ചതിന് പിന്നാലെ ദീപക് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിഗ് ബോസ് താരവും ഗായകനുമായ അക്ബർ ഖാൻ.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ സമാനമായ വ്യാജ ആരോപണം തനിക്ക് നേരേയും ഉയർന്നിരുന്നു എന്നും ഇതുപോലെയാണ് ഇനിയും കാര്യങ്ങള്‍ പോകുന്നത് എങ്കില്‍ ഇനിയും ഇത്തരത്തില്‍ ആത്മഹത്യകള്‍ തുടരുമെന്ന് അക്ബർ പറഞ്ഞു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിഡിയോയില്‍ അക്ബർ ഖാന്റെ വാക്കുകള്‍ ഇങ്ങനെ," ദീപക് ഒരു വ്യാജ ആരോപണം നേരിട്ടതിന്റെ മാനസികാവസ്ഥ താങ്ങാനാവാതെ ആത്മഹത്യ ചെയ്തിരിക്കുകയാണ്. കുറച്ചുനാള്‍ മുൻപ് ബിഗ് ബോസിന് അകത്ത് ഇതുപോലെ ഒരു ആരോപണം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അന്ന് അത്രയും ക്യാമറയ്ക്ക് മുൻപിലും ഞാൻ നിരപരാധിയാണ് എന്ന് ഉറപ്പുണ്ടായിട്ടും അങ്ങനെയൊരു വ്യാജ ആരോപണം കൊണ്ടുവരാൻ എങ്ങനെയാണ് ഒരു സ്ത്രീ ശക്തിപ്പെടുന്നത് എന്നത് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്."
"അന്ന് അത് നേരിട്ട് കണ്ടിട്ടും പ്രതികരിക്കാതിരുന്ന ആളുകള്‍ ഉണ്ട്. നെവിൻ മാത്രമാണ് എനിക്കൊപ്പം നിന്നത്. പുറത്ത് ആ ആരോപണത്തെ ആളുകള്‍ ആഘോഷമാക്കി. വൃത്തികെട്ട ചിന്താഗതിയാണ് ഇതിന് കാരണം. ഇന്നും മറ്റുള്ളവരുടെ ജീവനൊടുക്കാൻ പാകത്തില്‍ വ്യാജ ആരോപണങ്ങള്‍ ആഘോഷിക്കപ്പെടുന്നു എന്നത് സങ്കടകരമായ കാര്യമാണ്."
"സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമങ്ങളുടെ പഴുതുകള്‍ ദുരുപയോഗം ചെയ്യുകയാണ്. ഒരു സ്ത്രീ പുരുഷനെതിരെ എന്ത് പറഞ്ഞാലും അത് ആഘോഷിക്കപ്പെടും എന്നുള്ളതാണ്. ഈ നിലയ്ക്ക് കര്യങ്ങള്‍ മുൻപോട്ട് പോയാല്‍ ആത്മഹത്യകള്‍ ഇനിയും തുടരുക തന്നെ ചെയ്യും. ഇത് ഇവിടെ നില്‍ക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഇനിയും ആത്മഹത്യകള്‍ വരും."
"താൻ തെറ്റ് ചെയ്തിട്ടില്ല എന്ന ബോധ്യമുണ്ടെങ്കില്‍ പോലും ഇത്തരം ആരോപണങ്ങള്‍ക്കെതിരെ പോരാടാനുള്ള മാനസികാവസ്ഥയൊന്നും എല്ലാവർക്കും ഉണ്ടാവുമെന്ന് തോന്നുന്നില്ല. അത് ഓരോരുത്തരുടേയും മാനസികാരോഗ്യത്തെ അനുസരിച്ചിരിക്കും. അതിലൂടെ കടന്നുപോകുന്ന ആള്‍ക്കേ അതിന്റെ ചൂടും വേവുമൊക്കെ അറിയുകയുള്ളു. ഞാൻ അത് അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് വ്യക്തമായിട്ട് എനിക്ക് പറയാനാവും. ദയവായി ഇനിയെങ്കിലും നിങ്ങള്‍ ഒന്ന് നിർത്തു," അക്ബർ ഖാൻ പറഞ്ഞു.
No comments:
Post a Comment