Saturday, January 31, 2026

എപ്‌സ്റ്റീൻ ഫയലിൽ മോദിയും, അവജ്ഞയോടെ തള്ളുന്നെന്ന് വിദേശകാര്യ മന്ത്രാലയം"

യുഎസ് വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്റ്റീന്റെ ഫയലുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ 2017 ലെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന ഭാഗം വെറും കെട്ടുകഥയാണെന്ന് വിദേശകാര്യ മന്ത്രാലയം. ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജൽപനം മാത്രമാണിതെന്നും മന്ത്രാലയം പരിഹസിച്ചു."പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേൽ സന്ദർശനത്തെയും പരാമർശിക്കുന്ന എപ്‌സ്റ്റീൻ ഫയലിലെ ഇ മെയിൽ സന്ദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2017 ജൂലൈയിൽ പ്രധാനമന്ത്രി ഇസ്രയേലിൽ ഔദ്യോഗിക സന്ദർശനം നടത്തി എന്ന വസ്തുതയ്ക്കപ്പുറം, ആ ഇ മെയിലിലെ മറ്റെല്ലാം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ജൽപനങ്ങൾ മാത്രമാണ്. അവ അങ്ങേയറ്റത്തെ അവജ്ഞയോടെ തള്ളിക്കളയേണ്ടവയാണ്’’– വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. മോദി തന്റെ ഉപദേശപ്രകാരം പ്രവർത്തിച്ചെന്നും ട്രംപിനുവേണ്ടി ഇസ്രയേലിൽ പോയെന്നുമായിരുന്നു എപ്സ്റ്റീന്റെ ഇ മെയിലിലെ പരാമർശം. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തെത്തി. ഇതൊരു ‘ദേശീയ അപമാനമാണെന്ന്’ വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര, എപ്സ്റ്റീനിൽ നിന്ന് എന്ത് ഉപദേശമാണ് തേടിയതെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു."
 
 യു.എസ് നീത്യന്യായ വകുപ്പ് ഇന്നലെ (ശനി) പുറത്തുവിട്ട ഫയലിലാണ് മോദിക്കെതിരായ വിവരങ്ങളുള്ളത്. എപ്സ്റ്റീൻ ഫയലിൽ മോദി അടക്കമുള്ളവരുടെ പേരുകളുണ്ടെന്ന് ഇതിനുമുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

എപ്സ്റ്റീൻ ഫയലിൽ മോദി വിശദീകരണം നൽകണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. നിലവിൽ കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ജയറാം രമേശ് ഉൾപ്പെടെയുള്ളവരാണ് മോദിക്കെതിരെ വിമർശനം കടുപ്പിച്ചിരിക്കുന്നത്.

എപ്സ്റ്റീൻ ഫയലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ശതകോടീശ്വരന്മാരായ ഇലോൺ മസ്ക്, ബിൽഗേറ്റ്സ്, പോപ്പ് താരം മൈക്കിൾ ജാക്സൺ, ഓസ്‌കാർ ജേതാവ് കെവിൻ സ്പേസി, സ്റ്റീഫൻ ഹോക്കിങ്തുടങ്ങിയവരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളുമാണ് യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ 19നാണ് ആദ്യത്തെ എപ്സ്റ്റീൻ ഫയൽ പുറത്തുവിട്ടത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയ കേസിൽ തടവിലായിരുന്ന ജെഫ്രി എപ്സ്റ്റീൻ 2019ൽ ജയിലിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. എക്സ്റ്റീന്റെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ ആരോപണം.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...