നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളംതന്നെ ജവാഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്യസമരകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്ന നെഹ്‌റു വിമര്‍ശനങ്ങള്‍ക്കെതിരേയും പ്രിയങ്ക കടന്നാക്രമണം നടത്തി."
മോദി 12 വര്‍ഷമായി പ്രധാനമന്ത്രിയാണെന്നും നെഹ്‌റു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് ഇത്രയും കാലം ജയിലില്‍ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് അദ്ദേഹം 17 വര്‍ഷം പ്രധാനമന്ത്രിയുമായി. നിങ്ങള്‍ അദ്ദേഹത്തെ ഒരുപാട് കടന്നാക്രമിക്കുന്നു. പക്ഷേ, അദ്ദേഹം ഐഎസ്ആര്‍ഒ സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് മംഗള്‍യാന്‍ ഉണ്ടാകുമായിരുന്നില്ല. ഡിആര്‍ഡിഒ തുടങ്ങിയിട്ടില്ലായിരുന്നെങ്കില്‍ തേജസ് ഉണ്ടാവുമായിരുന്നില്ല. അദ്ദേഹം ഐഐടികളും ഐഐഎമ്മുകളും സ്ഥാപിച്ചില്ലായിരുന്നെങ്കില്‍ ഐടി രംഗത്തെ കുതിപ്പുണ്ടാവുമായിരുന്നില്ല. നെഹ്‌റു എയിംസ് തുടങ്ങിയില്ലായിരുന്നെങ്കില്‍ കോവിഡിനെ എങ്ങനെ പ്രതിരോധിക്കുമായിരുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
രാജ്യത്തിനായി ജീവിച്ച്, രാജ്യത്തെ സേവിച്ച് മരിച്ച വ്യക്തിയാണ് നെഹ്‌റു. സ്വാതന്ത്ര്യസമരകാലത്ത് ഒന്‍പത് തവണ, 32,000 ദിവസത്തിലധികം- ഏതാണ്ട് ഒന്‍പത് വര്‍ഷത്തിനടുത്ത്, ജയില്‍വാസമനുഭവിച്ചിട്ടുണ്ട് അദ്ദേഹം. നെഹ്‌റുവിനെ അധിക്ഷേപിക്കുന്നവരുടെ ഒരു ലിസ്റ്റുണ്ടാക്കി അക്കാര്യത്തില്‍ മോദിക്ക് ഇഷ്ടമുള്ളത്ര സമയം പാര്‍ലമെന്റില്‍ സംവാദം നടത്താന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും പ്രിയങ്ക പറഞ്ഞു. അങ്ങനെ നെഹ്‌റു വിഷയത്തില്‍ ഒരു തീര്‍പ്പ് വരുത്തിയിട്ട് തൊഴിലില്ലായ്മയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചും സംസാരിക്കാമെന്നും പ്രിയങ്ക പരിഹസിച്ചു. പ്രിയങ്കയുടെ പ്രസംഗത്തെ കരഘോഷങ്ങളോടെയാണ് പ്രതിപക്ഷം വരവേറ്റത്.
No comments:
Post a Comment