ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് മോർച്ചറിയില്‍ നല്‍കിവന്നിരുന്ന എസ്‌വൈഎസ് സേവനം അധികൃതർ നിർത്തിവെപ്പിച്ചു.
പോസ്റ്റ്‌മോർട്ടത്തിന് എത്തുന്നവർക്ക് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് വിവിധ ഹിന്ദുത്വ സംഘടനകളുടെ എതിർപ്പ് ഭയന്ന് നിർത്തിവെക്കാൻ തീരുമാനമായത്.
മൃതദേഹം പൊതിഞ്ഞുനല്‍കാൻ എസ്‌വൈഎസിന് നല്‍കിയ അനുമതി പിൻവലിക്കണമെന്ന് ഫോറൻസിക് വകുപ്പിനോട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഇൻ ചാർജ് ഡോ. സനല്‍കുമാർ ആവശ്യപ്പെട്ടു. ഇതോടെയാണ് സേവനം അവസാനിപ്പിക്കാൻ എസ്‌വൈഎസിനോട് ആവശ്യപ്പെട്ടത്.
ഇതോടെ നിർധനരും അഭയമില്ലാത്തവർക്കും ലഭിച്ചിരുന്ന സഹായമാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്ന് നിർത്തലാക്കിയിരിക്കുന്നത്.മൃതദേഹം സംസ്‌കാരത്തിന് സജ്ജമാക്കി കൊണ്ടുപോകാൻ ബന്ധുക്കളെ സഹായിക്കാൻ എസ്‌വൈഎസിന് അനുമതി നല്‍കിയതിനെതിരെ ഹിന്ദു ഐക്യവേദി തലപ്പിള്ളി താലൂക്ക് കമ്മിറ്റി പ്രിൻസിപ്പലിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് പോസ്റ്റ്‌മോർട്ടം കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതിക്ക് എസ്‌വൈഎസ് തുടക്കം കുറിച്ചത്.
10 വർഷമായി സാന്ത്വനം വളണ്ടിയർമാർ മെഡിക്കല്‍ കോളജ് മോർച്ചറിയുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ടെന്ന് എസ് വൈഎസ് പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘം എപ്പോഴും മോർച്ചറിയില്‍ സഹായത്തിനുണ്ടാവും. അജ്ഞാത മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കാരത്തിന് ഒരുക്കിനല്‍കാറുണ്ട്. തുണിയടക്കം ആവശ്യമുള്ളവ പൂർണമായും സൗജന്യമായാണ് നല്‍കുന്നത്. ബന്ധുക്കള്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് വാളയാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട നാരായണ്‍ ഭാഗേലിന്റെ മൃതദേഹം പൊതിഞ്ഞുനല്‍കിയതും എസ് വൈഎസ് വളണ്ടിയർമാരായിരുന്നു.