ടെലിവിഷൻ മാധ്യമരംഗത്തെ ഏറ്റവും വിവാദപുരുഷനും സ്വാധീനശക്തിയുമായ അർണബ് ഗോസാമി തന്റെ പതിവ് ശൈലിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചർച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
വർഷങ്ങളായി ബിജെപിയുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ശക്തനായ വക്താവായി അറിയപ്പെട്ടിരുന്ന അർണബ്, കഴിഞ്ഞ ഏതാനും ആഴ്ചകളായി നരേന്ദ്ര മോദി സർക്കാരിനെതിരെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.
ടൈംസ് നൗവില്‍ നിന്ന് പുറത്തുവന്ന് റിപ്പബ്ലിക് ടിവി ആരംഭിച്ചതു മുതല്‍ ബിജെപി സർക്കാരിന്റെ നയങ്ങളെ കണ്ണടച്ച് പിന്തുണച്ചിരുന്ന അർണബിന്റെ ഈ മനംമാറ്റം രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്ബരപ്പിച്ചിരിക്കുകയാണ്. വെറുമൊരു വാർത്താ അവതരണം എന്നതിലുപരി സർക്കാരിന്റെ വീഴ്ചകളെ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള അർണബിന്റെ 'യു-ടേണ്‍' സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
അർണബ് ഗോസാമിയുടെ ഈ മാറ്റത്തിന് പിന്നില്‍ പല കാരണങ്ങളാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. ബിജെപി നേതൃത്വവുമായി അർണബ് അസ്വാരസ്യത്തിലാണെന്നും അതല്ലെങ്കില്‍ തന്റെ ചാനലിന്റെ റേറ്റിംഗ് വർദ്ധിപ്പിക്കാൻ സ്വീകരിക്കുന്ന ഒരു അടവാണിതെന്നുമാണ് പ്രധാന ആരോപണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി താനൊരു നിഷ്പക്ഷ മാധ്യമപ്രവർത്തകനാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമായും ഇതിനെ ചിലർ കാണുന്നു.
No comments:
Post a Comment