ഗുജറാത്തിലെ സൂറത്തില്‍ അതിവേഗ ബൈക്കിംഗ് റീലുകളിലൂടെ പ്രശസ്തനായ കൗമാരക്കാരനായ വ്ളോഗർക്ക് ദാരുണാന്ത്യം.അപകടകരമായ ഫാസ്റ്റ് റൈഡിംഗ് വീഡിയോകളിലൂടെ കൗമാരക്കാർക്കിടയില്‍ ഏറെ പ്രശസ്തനായിരുന്നപികെആർ വ്ളോഗർ' എന്നറിയപ്പെട്ടിരുന്ന പ്രിൻസ് പട്ടേല്‍ (18) ആണ് കെടിഎം ഡ്യൂക്ക് മോട്ടോർസൈക്കിളില്‍ മണിക്കൂറില്‍ 140 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരണപ്പെട്ടത്.
സൂറത്തിലെ മള്‍ട്ടി ലെവല്‍ ഫ്ലൈഓവറായ ഗ്രേറ്റ് ലൈനർ ബ്രിഡ്ജിലൂടെ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ചിരുന്ന പ്രിൻസ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പ്രിൻസ് അതിവേഗതയില്‍ വരുന്നത് വ്യക്തമാണ്. ബൈക്കില്‍ നിന്ന് തെറിച്ചു വീണ പ്രിൻസ് പലതവണ റോഡില്‍ ഉരുളുകയും തലയറ്റ് ദാരുണമായി മരിക്കുകയുമായിരുന്നു. പ്രിൻസ് കിടന്നിടത്ത് നിന്നും നൂറ് മീറ്ററിലധികം ദൂരത്താണ് ബൈക്ക് ചെന്നുവീണത്. പ്രാഥമിക അന്വേഷണത്തില്‍, അപകടസമയത്ത് പ്രിൻസ് ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല എന്ന് പൊലിസ് കണ്ടെത്തി.സെപ്റ്റംബറില്‍ വാങ്ങിയ കെടിഎം ഡ്യൂക്ക് 390 ബൈക്കിനോടുള്ള പ്രണയം പ്രിൻസിന്റെ ഇൻസ്റ്റാഗ്രാമില്‍ നിറഞ്ഞു നിന്നിരുന്നു. ബൈക്കിന് ലൈല എന്നും തനിക്ക് മജ്നു എന്നും പേര് നല്‍കിയ പ്രിൻസ്, നാല് ദിവസം മുമ്ബ് മരണത്തിലൂടെയുള്ള വേർപിരിയല്‍ സൂചിപ്പിക്കുന്ന ഒരു വീഡിയോ വരെ പങ്കുവെച്ചിരുന്നു. പാല്‍ വിറ്റാണ് പ്രിൻസിന്റെ അമ്മ ഉപജീവനം കണ്ടെത്തുന്നത്. പ്രിൻസിന്റെ ദാരുണാന്ത്യത്തെ സംബന്ധിച്ച് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.