ഇതിൽ ആദ്യത്തെ ചോദ്യം വോട്ടറുടെ പേര് എന്നതാണ്, ഇവിടെയാണ് പലരും തെറ്റിക്കുന്നത്
2025 വോട്ടർ പട്ടികയിൽ ഉള്ള, എന്നാൽ 2002 വോട്ടർ പട്ടികയിൽ ഇല്ലാത്തവരുടെ എന്യുമറേഷൻ ഫോറം പൂരിപ്പിക്കുമ്പോൾ പലർക്കും ചില കൺഫ്യൂഷനുകൾ ഉള്ളതായി മനസ്സിലാക്കുന്നു..
അത് നിങ്ങളുടെ ഫോറം ആണെന്ന് സങ്കൽപ്പിക്കുക.,
ഇവിടെ ഫോറത്തിലെ മുകളിലെ പൊതുവായ ആദ്യ ഭാഗം പൂരിപ്പിച്ച ശേഷം താഴെ ഇടത് ഭാഗത്തെ കോളം നിങ്ങൾ പൂരിപ്പിക്കേണ്ടതില്ല,
മൂന്നാം കോളം, അതായത് താഴഭാഗത്തെ വലത് ഭാഗത്തുള്ള കോളമാണ് നിങ്ങൾ പൂരിപ്പിക്കേണ്ടത്.
അതിൽ 2002 ൽ വോട്ടർ പട്ടികയിൽ പേരുള്ളവരായ നിങ്ങളുടെ രക്തബന്ധത്തിലുള്ള ( മാതാവ്, പിതാവ്, അവരുടെ മാതാപിതാക്കൾ എന്നിങ്ങനെയുള്ള ) ഒരാളുടെ വിവരമാണ് നൽകേണ്ടത്.
ഇതിൽ ആദ്യത്തെ ചോദ്യം വോട്ടറുടെ പേര് എന്നതാണ്, ഇവിടെ പലരും തെറ്റിക്കുന്നതായി കാണുന്നു. സ്വന്തം പേര് എഴുതി വെക്കുന്നുണ്ട്. എന്നാൽ ഇവിടെ ചോദിക്കുന്നത് 2002 ലെ വോട്ടർ ലിസ്റ്റിൽ ഉൾപ്പെട്ട നിങ്ങളുടെ ബന്ധുവിന്റെ ( പിതാവ്, മാതാവ്, അവരുടെ മാതാപിതാക്കൾ എന്നിവരിൽ ഒരാളുടെ ) പേരാണ്. നിങ്ങളുടെ രേഖകളിലെ പിതാവിന്റെ പേരും അന്നത്തെ ലിസ്റ്റിലെ പിതാവിന്റെ പേരും ചെറിയ വ്യത്യാസമൊക്കെ ഉണ്ടായാലും അവിടെ കൊടുക്കേണ്ടത് 2002 ലെ പട്ടികയിൽ എന്താണോ ഉള്ളത് അതാണ്. അതായത് നിങ്ങളുടെ രേഖയിൽ പിതാവിന്റെ പേര് അബ്ദുസ്സലാം ആണെന്ന് കരുതുക. 2002 ലെ വോട്ടർ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുള്ളത് സലാം എന്നും. എങ്കിൽ ഈ കോളത്തിൽ സലാം എന്നേ എഴുതാൻ പാടുള്ളൂ...
അതിന്റെ താഴെ ചോദിക്കുന്നത് നിങ്ങൾ നൽകിയ ആ വോട്ടറുടെ 2002 ലെ EPIC നമ്പർ ആണ്. അത് അന്നത്തെ ലിസ്റ്റ് പരിശോധിച്ച് എഴുതുക. പുതിയത് എഴുതി വെക്കരുത്.
അതിന്റെ താഴെയുള്ള അതായത് മൂന്നാമത്തെ വരിയിലെ ചോദ്യമാണ് മിക്കവരും തെറ്റിക്കുന്നത്. ബന്ധുവിന്റെ പേര്..
ഇവിടെ ഉദ്ദേശിക്കുന്ന ബന്ധു നിങ്ങളോ, ആ വോട്ടറുടെ ഇപ്പോഴത്തെ ബന്ധുവോ ഒന്നുമല്ല. 2002 ലെ വോട്ടർ ലിസ്റ്റിൽ അയാൾ ബന്ധുവായി നൽകിയ ആളുടെ പേരാണ്. അത് ചിലപ്പോ പിതാവാകാം, ഭർത്താവ് ആകാം. അത് ആ ലിസ്റ്റ് നോക്കി അങ്ങനെ തന്നെ എഴുതണം. അന്ന് കൊടുത്ത അതെ ബന്ധു. ഭർത്താവ് എന്ന ബന്ധുത്വം മാറിയാലും, പിതാവ് മരിച്ചു പോയാലും ഒന്നും അത് മാറ്റി എഴുതേണ്ടതില്ല. അന്നത്തെ വിവരം എന്താണോ അതാണ് ഇവിടെ പകർത്തേണ്ടത്..
അതിന്റെ താഴെ 2002 ലെ പട്ടികയിൽ ആ വോട്ടറും ഇപ്പോൾ എഴുതിയ ബന്ധുവും തമ്മിലെ ബന്ധമാണ്. നിങ്ങളുമായുള്ള ബന്ധമല്ല. ഭർത്താവോ പിതാവോ ആയിരിക്കും. അതും തെറ്റാതെ നോക്കുക.
ശ്രദ്ധിക്കുക..
ഇപ്പോഴത്തെ വിവരം കൊടുക്കേണ്ട ഇടത്ത് ഇപ്പോഴത്തെ വിവരവും 2002 ലെ വിവരം കൊടുക്കേണ്ട ഇടത്ത് അതുമാണ് കൊടുക്കേണ്ടത്. അത് പിന്നീട് തിരുത്തി എന്നതോ, ബന്ധുത്വം മാറി എന്നതോ വിഷയമല്ല.
പിന്നെയുള്ളത് 2002 ലെ അയാളുടെ അസംബ്ലി മണ്ഡലം, ബൂത്ത്, വോട്ടർ ലിസ്റ്റിലെ ക്രമ നമ്പർ എന്നിവയാണ്. ഇവ അന്നത്തെ ലിസ്റ്റ് പരിശോധിച്ച് എഴുതണം.
2002 ൽ ഭാര്യ ലിസ്റ്റിൽ ഇല്ല, ഭർത്താവ് ഉണ്ട് എങ്കിൽ ഈ വലതു കോളത്തിൽ ഭർത്താവിന്റെ, അല്ലെങ്കിൽ ഭർതൃ പിതാവിന്റെ റഫറൻസ് നൽകി പൂരിപ്പിച്ചു നൽകരുത്. പകരം സ്വന്തം മാതാപിതാക്കളിൽ ഒരാളുടെ റഫറൻസ് നൽകുക.