Tuesday, October 14, 2025

പഴയ വാഹനമുള്ളവര്‍ ജാഗ്രതൈ..! E20 പെട്രോളിനെ കുറിച്ചുള്ള സര്‍വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

പഴയ വാഹനങ്ങള്‍ സ്വന്തമായുള്ളവരുടെ നെഞ്ചിടിപ്പേറ്റിക്കൊണ്ട് ഒരു സര്‍വേ ഫലം പുറത്ത്.

ഇന്ത്യയിലുടനീളമുള്ള 323 ജില്ലകളില്‍ നിന്നായി 36,000-ലധികം ആളുകളെ ഉള്‍പ്പെടുത്തി ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ നടത്തിയത്. 2022-ലോ അതിനുമുമ്ബോ വാഹനം വാങ്ങിയവരില്‍ പത്തില്‍ എട്ടുപേര്‍ക്കും E20 പെട്രോളിലേക്ക് മാറിയ ശേഷം ഇന്ധനക്ഷമത കുറഞ്ഞുവെന്ന് സര്‍വേയില്‍ പറയുന്നു.

ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉടമകളുടെ എണ്ണം വര്‍ഷം തോറും കൂടുന്നതായി കാണാം. ഓഗസ്റ്റില്‍ ഇത് 67 ശതമാനമായിരുന്നത് ഒക്ടോബറോടെ 80 ശതമാനമായി ഉയര്‍ന്നു.

 

ഓരോ മോഡലിനും ലിറ്ററിന് എത്ര കിലോമീറ്റര്‍ നഷ്ടപ്പെടുന്നു എന്ന് സര്‍വേ വ്യക്തമാക്കുന്നില്ല. സര്‍വേ പ്രകാരം, ഈ ഉടമകളില്‍ 52 ശതമാനം പേരുടെയും വാഹനങ്ങള്‍ക്കും ഈ വര്‍ഷം അറ്റകുറ്റപ്പണികളുണ്ടായി. ചില ഭാഗങ്ങള്‍ക്ക് തേയ്മാനം സംഭവിക്കുകയും ചെയ്തു. ഫ്യുവല്‍ സിസ്റ്റത്തിലെ ഘടകങ്ങള്‍, എഞ്ചിനിന്റെ ആന്തരിക ഭാഗങ്ങള്‍, ടാങ്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികള്‍ ആയിരുന്നു അധികവും. ഇക്കഴിഞ്ഞ ഏപ്രിലില്‍ രാജ്യവ്യാപകമായി E20 നിര്‍ബന്ധമാക്കിയതിന് ശേഷമാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

E20 പെട്രോള്‍ മികച്ചതാണെങ്കിലും ഇതിന് അനുസൃതമായി രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത പഴയ വാഹനങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്. കാരണം, എഥനോള്‍ ഹൈഗ്രോസ്‌കോപ്പിക് ആണ് (ഈര്‍പ്പം ആഗിരണം ചെയ്യുന്നു). കൂടാതെ ഇത് പഴയ വാഹനങ്ങളുടെ ലോഹ ഭാഗങ്ങള്‍, റബ്ബര്‍ സീലുകള്‍, ഫ്യുവല്‍ സിസ്റ്റം എന്നിവയ്ക്ക് കേടുവരുത്തും. പഴയ ഹോസുകളിലും, സീലുകളിലും, ഗാസ്‌കറ്റുകളിലും ഉപയോഗിക്കുന്ന ചില റബ്ബര്‍ എഥനോള്‍ കാരണം കഠിനമാവുകയോ ചെയ്യാം.

മോഡേണ്‍ കാറുകളില്‍ വരുന്ന എഞ്ചിനുകളും ഫ്യുവല്‍ സിസ്റ്റങ്ങളും ഉയര്‍ന്ന എഥനോള്‍ കലര്‍ന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഥനോള്‍ സൃഷ്ടിക്കുന്ന പ്രതിപ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ ഇവയില്‍ ഉപയോഗിക്കുന്നു. എന്നാല്‍ പല പഴയ കാറുകളില്‍ വരുന്ന ഭാഗങ്ങള്‍ ഈ രീതിയിലുള്ള പ്രതിരോധശേഷി നല്‍കുന്നില്ല.ഈ വ്യത്യാസം കാരണം വാഹനങ്ങളുടെ മൈലേജില്‍ ചെറിയ കുറവ് സംഭവിക്കുന്നു.

ചില വാഹനങ്ങളുടെ ഇഞ്ചക്ടറുകള്‍, ഹോസുകള്‍, സീലുകള്‍ എന്നിവ അറ്റകുറ്റപ്പണി ചെയ്യേണ്ടി വരുന്നു. ചിലര്‍ക്ക് ഫ്യുവല്‍ പമ്ബില്‍ നിന്നുള്ള ശബ്ദമാണ് പ്രശ്‌നം. എനര്‍ജി ഡെന്‍സിറ്റിയും ഒരു പ്രധാന ഘടകമാണ്. ശുദ്ധമായ പെട്രോളിനേക്കാള്‍ കുറഞ്ഞ ജൂള്‍സ് പെര്‍ ലിറ്ററാണ് എഥനോളിനുള്ളത്. ഈ വ്യത്യാസം മറികടക്കാനായി എഞ്ചിന്‍ ടൈമിംഗും ഇന്ധനം നിറയ്ക്കുന്നതും രീതികളും ക്രമീകരിച്ചിട്ടില്ലെങ്കില്‍ എഥനോള്‍ മിശ്രിതത്തിന്റെ അളവ് കൂടുന്നതിന് അനുസരിച്ച്‌ മൈലേജ് കുറയും.

E20 കംപ്ലയിന്റ് അല്ലെങ്കില്‍ ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിനുകള്‍ക്ക് ഈ നഷ്ടം ഒരു പരിധി വരെ നികത്താന്‍ കഴിയുമെങ്കിലും പഴയ എഞ്ചിനുകള്‍ക്ക് അതിന് സാധിക്കില്ല.E20 ഇന്ധനം വഴിയുള്ള പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനായി വാഹന ഉടമകള്‍ക്ക് ചില കാര്യങ്ങള്‍ ചെയ്യാനാകും. വാഹനം കുറച്ച്‌ ദിവസത്തേക്ക് ഉപയോഗിക്കുന്നില്ലെങ്കില്‍ ആദ്യം ചെയ്യേണ്ടത് ഫ്യുവല്‍ ടാങ്ക് നിറച്ച്‌ വെക്കുക എന്നതാണ്. വായുവിന്റെ അളവ് കുറയുന്നത് ഈര്‍പ്പം കടക്കുന്നത് കുറയ്ക്കുകയും ഫേസ് സെപ്പറേഷന്‍ സാവധാനത്തിലാക്കുകയും ചെയ്യും.

നല്ല തിരക്കുള്ള ഉയര്‍ന്ന വില്‍പ്പനയുള്ള ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് പുതിയ പെട്രോള്‍ ലഭിക്കാന്‍ സഹായിക്കും. എല്ലാ സര്‍വീസിലും പഴയ റബ്ബര്‍ ഹോസുകള്‍ മാറ്റുകയും ക്ലാംമ്ബുകളും ജോയിന്റുകളും പരിശോധിക്കുകയും ചെയ്യുക. നിങ്ങളുടെ വാഹനത്തില്‍ സര്‍വീസ് ചെയ്യാവുന്ന ഒരു ഫ്യുവല്‍ ഫില്‍ട്ടറാണ് ഉള്ളതെങ്കില്‍ കൃത്യസമയത്തോ അതിനുമുമ്ബോ മാറ്റാന്‍ ശ്രമിക്കുക. കാര്‍ബറേറ്ററുള്ള ഇരുചക്രവാഹന ഉടമകള്‍ ഇടയ്ക്ക് ജെറ്റ് ക്ലീനിംഗ് നടത്താന്‍ ശ്രദ്ധിക്കണം.

ഒരാഴ്ച പാര്‍ക്ക് ചെയ്ത ശേഷം സ്റ്റാര്‍ട്ട് ചെയ്യാന്‍ ബുദ്ധിമുട്ട് നേരിടുകയോ ഭാരം കയറ്റി പോകുമ്ബോള്‍ വേഗത കുറയുകയോ അല്ലെങ്കില്‍ ടാങ്കിന്റെ ഭാഗത്ത് നിന്ന് പെട്രോള്‍ മണക്കുകയോ ചെയ്താല്‍ മടിച്ച്‌ നില്‍ക്കരുത്. ഇവ പ്രാരംഭ സൂചനകളാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഈ ചെറിയ പ്രശ്നങ്ങള്‍ നേരത്തെ പരിഹരിക്കണം.

വൈകിയാല്‍ ഫ്യുവല്‍ പമ്ബോ ഇഞ്ചക്ടറോ തകരാറിലായി കൈയ്യില്‍ നിന്ന് കൂടുതല്‍ ക്യാഷ് ചെലവാകാന്‍ ഇടയാക്കും. ഈ പറഞ്ഞ ടിപ്പുകള്‍ പാലിച്ചാല്‍ പഴയ വാഹനങ്ങളില്‍ E20 പെട്രോള്‍ നിറക്കുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഇല്ലാതാകില്ല. എങ്കിലും വണ്ടി നടുറോഡില്‍ നിന്നുപോയി വട്ടംചുറ്റേണ്ട സാഹചര്യം ഒഴിവാക്കും

കടപ്പാട് -drivespark

No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...