മദീന: പുണ്യഭൂമി കണ്‍നിറയെ കണ്ട് കുന്ദമംഗലം സ്വദേശി മുഹമ്മദ് അൻസില്‍ യാത്രയായി. തന്റെ ആഗ്രഹം പോലെ മക്കയിലെത്തി ഉംറ ചെയ്ത ശേഷം മദീനയില്‍ വെച്ചാണ് ഈ 16 കാരൻ മടക്കമില്ലാത്ത യാത്ര പോയത്.
വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെയാണ് ഭിന്നശേഷിക്കാരനായ അൻസില്‍ ഉംറ നിർവഹിക്കാനെത്തിയത്. വീല്‍ചെയറിലായിരുന്നു യാത്ര.
നാട്ടിലുള്ള ഉമ്മയോട് താൻ പോകുകയാണെന്ന് പറഞ്ഞായിരുന്നു മദീനയുടെ മണ്ണില്‍വെച്ച് ഈ കൗമാരക്കാരന്റെ മടക്കം. അൻസിലിന്റെ അന്ത്യനിമിഷങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പ് ആരെയും കണ്ണീരണിയിക്കുന്നതാണ്. മദീന കെഎംസിസി വെല്‍ഫയർ വിംഗാണ് ഈ വൈകാരിക കുറിപ്പ് പങ്കുവെച്ചത്. അൻസിലിന്റെ സഹോദരനും നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു.
അൻസിലിന്റെ അന്ത്യനിമിഷങ്ങള്‍ പങ്കുവെക്കുന്ന കുറിപ്പിന്റെ പൂർണ രൂപം:
'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...'
പുണ്യഭൂമിയില്‍ നിന്നൊരു മാഞ്ഞുപോക്ക്...
വിശുദ്ധിയുടെ ഗന്ധം തങ്ങിനില്‍ക്കുന്ന മദീനയുടെ മണ്ണില്‍, കോഴിക്കോട് കുന്ദമംഗലത്തെ മുഹമ്മദ് അൻസില്‍ എന്ന പതിനാറുകാരൻ തന്റെ ഇഹലോകയാത്ര അവസാനിപ്പിച്ചു.
ഊഷ്മള സ്‌നേഹത്തിന്റെ തണലായ വല്യുപ്പയുടെയും വല്യുമ്മയുടെയും കൂടെ ഉംറ നിർവഹിക്കാനെത്തിയതായിരുന്നു ഈ ബാലൻ.
പരിശുദ്ധ കർമ്മങ്ങളുടെ നിർവൃതിയില്‍ നില്‍ക്കെ, പ്രവാചകന്റെ പൂങ്കാവനം സന്ദർശിക്കുന്ന വേളയിലായിരുന്നു കാലം അവനെ മാടി വിളിച്ചത്.
അൻസിലിന്റെ ഉള്ളില്‍ അടങ്ങാത്ത ഒരുമ്മ വാത്സല്യത്തിനായുള്ള ദാഹമുണ്ടായിരുന്നു.
പുലർച്ചെ അവൻ അംഗശുദ്ധി വരുത്തി, ഒരു യാത്രക്ക് തയ്യാറെടുക്കുന്നവനെപ്പോലെ ഉണർന്നിരുന്നു. എന്നിട്ട്, നിറഞ്ഞ കണ്ണുകളോടെ ഉമ്മയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
നേരം പുലരും വരെ കാത്തിരിക്കാമെന്ന് പറഞ്ഞ് വല്യുമ്മയുടെ വാത്സല്യം അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, അവന്റെ ആത്മാവ് മറ്റൊരു യാത്രക്ക് ഒരുങ്ങുകയായിരുന്നു.... 'ഉമ്മയോട് ഞാൻ പോയി എന്ന് പറഞ്ഞേക്കണേ...' ഒരു മകന്റെ ഹൃദയം നുറുങ്ങുന്ന ഈ അന്തിമ മൊഴി.
അവൻ ശാന്തമായി 'കലിമ' ചൊല്ലി, ജീവിതത്തില്‍ നിന്ന് വിടവാങ്ങുന്നവന്റെ നിർമ്മലതയോടെ കട്ടിലില്‍ കിടന്നു. പുലർച്ചെ 3:30-ന്, പ്രഭാതത്തിന് തൊട്ടുമുമ്ബ്, അവന്റെ ശ്വാസം നിലച്ചു; മരണം അവനെ നിശ്ശബ്ദമായി പുല്‍കി.
ഈ പുണ്യഭൂമിയില്‍, അപ്രതീക്ഷിത ദുരന്തത്തിന് മുന്നില്‍ എന്തുചെയ്യണമെന്നറിയാതെ വല്യുപ്പയും വല്യുമ്മയും തളർന്നുപോയി.
നിയമനടപടികളെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ അവർ വിതുമ്ബി.
ആ സ്തംഭനാവസ്ഥയില്‍, കുന്ദമംഗലം ഗ്ലോബല്‍ കെഎംസിസി വഴി മദീന കെഎംസിസി വെല്‍ഫെയർ വിങ്ങിന് വിവരം കൈമാറി.
ഉടൻതന്നെ മദീന കെഎംസിസി പ്രതിനിധികള്‍ അവർ താമസിച്ച ഹോട്ടലിലെത്തി, ആ വയോധികർക്ക് സാന്ത്വനമായി, താങ്ങായി മാറി. സ്വർഗ്ഗതുല്യമായ ജന്നത്തുല്‍ ബഖീഇല്‍ അൻസിലിന് ശാശ്വത വിശ്രമം നല്‍കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഉമ്മയെ കാണാൻ കൊതിച്ച്, വിടവാങ്ങലിന്റെ സന്ദേശം കൈമാറി, വിശുദ്ധിയുടെ മണ്ണില്‍ നിത്യനിദ്രയിലാണ്ട ആ പതിനാറുകാരന്റെ ഓർമ്മകള്‍ ഓരോ പ്രവാസിയുടെ നെഞ്ചിലും നീറ്റലായി അവശേഷിക്കും.
No comments:
Post a Comment