LATEST

6/recent/ticker-posts

നാലുപവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

ചെന്നൈ:സഹയാത്രികയുടെ നാലുപവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുപ്പത്തൂര്‍ ജില്ലയിലെ നര്യമ്പട്ട് പഞ്ചായത്ത് പ്രസിഡന്റും ഡിഎംകെ പ്രവര്‍ത്തകയുമായ ഭാരതി (56) യാണ് അറസ്റ്റിലായത്. ടിഎന്‍എസ്ടിസി ബസില്‍വച്ചാണ് സംഭവം നടന്നത്.

ബസിൽ യാത്ര ചെയ്യുകയായിരുന്ന ചെന്നൈ നെര്‍കുന്ദ്രം സ്വദേശിനി വരലക്ഷ്മി (50)യുടെ മാലയാണ് മോഷണം പോയത്. കാഞ്ചീപുരത്ത് ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു വരലക്ഷ്മി. വീട്ടിലെത്തിയപ്പോഴാണ് ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരങ്ങള്‍ കാണാതായതായി വരലക്ഷ്മിക്ക് മനസ്സിലായത്. തുടര്‍ന്ന് അവര്‍ കോയമ്പേട് പൊലീസില്‍ പരാതി നല്‍കി.

അന്വേഷണത്തില്‍ ബസില്‍ വരലക്ഷ്മിയുടെ അരികില്‍ ഇരുന്ന സ്ത്രീയാണ് മാല മോഷ്ടിച്ചതെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അത് ഭാരതിയാണെന്ന് തിരിച്ചറിയുന്നത്. അന്വേഷണത്തില്‍ ഇവരെ തിരുപ്പത്തൂരില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

തിരുപ്പത്തൂര്‍, വെല്ലൂര്‍, അമ്പൂര്‍, വൃധംപട്ട് എന്നിവിടങ്ങളില്‍ പ്രതി ഭാരതിക്കെതിരെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.