ഡി.വൈ.എഫ്.ഐ രാഷ്ട്രീയം പഠിക്കണമെന്ന് ആഹ്വാനം ചെയ്ത് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എസ്.എസ്.എഫ്) സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത് ഏറെ ചർച്ച ചെയ്യപ്പെടുന്നു.‘ഡി.വൈ.എഫ്.ഐ രാഷ്ട്രീയം പഠിക്കണം’ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. ‘വര്‍ഗീയതയെക്കാള്‍ അപകടകരമാണ് കപട മതേതരത്വം’ എന്നും പോസ്റ്ററിലുണ്ട്.
സിപിഎം നയങ്ങളിലെ വര്‍ധിച്ചു വരുന്ന മൃദുഹിന്ദുത്വ സമീപനം വിവിധ മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള അതൃപ്തിക്ക് ആക്കം കൂട്ടുന്നതായാണ് നിരീക്ഷണം. സിപിഎമ്മിനെ പിന്തുണയ്ക്കുന്ന കാന്തപുരം വിഭാഗം പോലും ഈ കാരണം കൊണ്ട് സിപിഎമ്മിനെ കൈവിടുന്നസൂചനയാണ് അവരുടെ വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ പോസ്റ്റുകൾ.
ഒരു അധ്യാപിക ഓണാഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മുസ്ലിം വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നതിനെ തുടര്‍ന്ന്, കാന്തപുരം സുന്നി വിഭാഗം തൃശൂരില്‍ നടത്തുന്ന സ്‌കൂളിലേക്ക് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയതാണ് ഈ പ്രകോപനത്തിന് പെട്ടെന്നുള്ള കാരണം. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്മെന്റ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും സമൂഹത്തില്‍ ഭിന്നത വളര്‍ത്താന്‍ ശ്രമിച്ചതിന് കേസെടുക്കുകയും ചെയ്തു.
അധ്യാപികയ്ക്കെതിരായ നടപടിയെക്കുറിച്ച് സുന്നികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മതപരമായ ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞതിന് അധ്യാപികയെ ശിക്ഷിക്കാന്‍ പാടില്ലായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു. അധികാരികളെ പ്രീതിപ്പെടുത്താന്‍ മാനേജ്മെന്റ് നട്ടെല്ല് വളക്കുകയാണന്നും ആരോപണമുണ്ട്. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ സമുദായം കോടതിയെ സമീപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു
അധ്യാപികയ്ക്കെതിരെ തിരിഞ്ഞ ‘മതേതരവാദികള്‍’ തീവ്ര ദേശീയതയുടെ മറ്റൊരു മുഖമാണെന്ന് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ജനറല്‍ സെക്രട്ടറി റഹ്‌മത്തുള്ള സഖാഫി എളമരം പറഞ്ഞു.
ഓണാഘോഷങ്ങള്‍ നടത്താന്‍ അനുമതി നിഷേധിച്ച നെന്മാറ എന്‍.എസ്.എസ് കോളേജ് പ്രിന്‍സിപ്പലിനെതിരെ ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിട്ടുണ്ടോയെന്നുംഅദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
സര്‍ക്കാര്‍ നടത്തുന്ന ആഘോഷങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ ഒരു പൗരന് അവകാശമുണ്ടെന്ന് എളമരം കൂട്ടിച്ചേര്‍ത്തു. ‘വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞ് ദേശീയ ഗാനം ആലപിക്കാന്‍ വിസമ്മതിക്കുന്ന ഒരു വിഭാഗം ക്രിസ്ത്യാനികള്‍ കേരളത്തിലുണ്ട്. ആഘോഷങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അടിസ്ഥാന ജനാധിപത്യ തത്വങ്ങള്‍ക്കെതിരാണ്,’ അദ്ദേഹം പറഞ്ഞു.
സി.പി.എം ദുരുദ്ദേശ്യത്തോടെ മുസ്ലിങ്ങളെയും അവരുടെ സ്ഥാപനങ്ങളെയും ബോധപൂര്‍വ്വം ലക്ഷ്യമിടുകയാണെന്ന് കാന്തപുരം സുന്നികള്‍ക്കിടയില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശങ്ങളോടുള്ള പാര്‍ട്ടിയുടെ മൗനം സി.പി.എമ്മിന്റെ മാറിയ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമാണെന്നും അവര്‍ കരുതുന്നു.
No comments:
Post a Comment