ഭാഷയാണോ ബംഗാളി തൊഴിലാളികളെ തടങ്കലിലാക്കാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് സുപ്രിംകോടതി. വിഷയത്തില്‍ ഒരു ആഴ്ച്ചക്കുള്ളില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മാല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പൗരത്വം തെളിയിക്കുന്നതിന് മുമ്പ് ആളുകളെ പിടികൂടി രാജ്യത്ത് നിന്നും പുറത്താക്കുന്നതിനെ ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ കുടിയേറ്റ തൊഴിലാളി ക്ഷേമ ബോര്‍ഡ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഗുജറാത്തിലും രാജസ്ഥാനിലും പോലിസ് നിരവധി പേരെ പിടികൂടി ബംഗ്ലാദേശിലേക്ക് തള്ളിയിട്ടതായി ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗ്ലാദേശിയാണെന്ന് ആരോപിച്ച് സുനാലി ബീബി എന്ന യുവതിയെ ബംഗ്ലാദേശിലേക്ക് വിട്ടു. എന്നാല്‍, അവര്‍ വിദേശിയാണോ അല്ലേ എന്ന് ആര്‍ക്കുമറിയില്ല.
ഒരാള്‍ വിദേശിയാണെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണലുകളും കോടതികളും നിശ്ചയിക്കണം. കൂടാതെ മറുവശത്തുള്ള രാജ്യം അവരെ സ്വീകരിക്കാന്‍ തയ്യാറാവുകയും വേണം. രാജ്യത്ത് നിയമവിരുദ്ധമായി പ്രവേശിച്ചതിന് സുനാലി ബീബിയെ ബംഗ്ലാദേശ് പോലിസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. ആളുകള്‍ അതിര്‍ത്തിയില്‍ കൊണ്ടിട്ട് തോക്കുചൂണ്ടിയാണ് ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുന്നതെന്നും അവര്‍ വാദിച്ചു. രാജ്യത്തേക്ക് നിയമവിരുദ്ധമായി കടക്കുന്നവരെ തോക്കുചൂണ്ടി പിന്‍തിരിപ്പിക്കാമെന്നും എന്നാല്‍, പറഞ്ഞയക്കുന്നവരോട് അങ്ങനെ ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്നാണ് വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
No comments:
Post a Comment