കന്നിവോട്ട് ചെയ്യാനെത്തിയവരുടെ പ്രായം 70, 85, 95 എന്നിങ്ങനെ
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സമൂഹമാധ്യമ സംഘത്തിലെ നാല്‍പ്പതുപേര്‍. ബെംഗളൂരുവിലെ ഓഫീസില്‍ ഇവരുടെ നാലുമാസം നീണ്ട കഠിനപ്രയത്നം. ഒടുവില്‍ ചുരുളഴിഞ്ഞത് രാജ്യത്തെ ഞെട്ടിക്കുന്ന വോട്ടര്‍പട്ടികയിലൂടെയുള്ള 'തിരഞ്ഞെടുപ്പ് കവര്‍ച്ച'. തങ്ങളുടെതന്നെ വോട്ടര്‍പട്ടികയിലുള്ള ക്രമക്കേടിനെതിരേ അധികകാലം മുഖംതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അനുവദിക്കാത്തത്ര ശക്തമാണ് രാഹുല്‍ കഴിഞ്ഞദിവസം നിരത്തിയ വോട്ടുകൊള്ളയുടെ തെളിവുകളും കണക്കുകളും.
മധ്യപ്രദേശില്‍ തോറ്റതിനും തെലങ്കാനയിലും കര്‍ണാടകയിലും ബിഹാറിലും പ്രതീക്ഷിച്ചതിലും കുറവ് ലോക്സഭാ സീറ്റുകള്‍ ലഭിച്ചതിനും പിന്നാലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കോണ്‍ഗ്രസ്സിന് സംശയം ഉദിച്ചിരുന്നു. ഹരിയാണയിലും തോറ്റതോടെ സംശയം ബലപ്പെട്ടു. ഹരിയാണയില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ആകെ വോട്ടുവ്യത്യാസം 22,779 മാത്രമായിരുന്നു. എട്ടുസീറ്റ് ഈ കുറഞ്ഞ വോട്ടിലാണ് പോയത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ പിഴവിന് ആധികാരികമായ തെളിവില്ലാത്തതിനാല്‍ അത്തരം ആരോപണം കമ്മിഷന്‍ മുഖവിലക്കെടുക്കില്ലെന്നുറപ്പായിരുന്നു. ഈ സമയമാണ് കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയായ മൻസൂര്‍ അലിഖാന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ തന്റെ മണ്ഡലത്തില്‍ വോട്ടുകവര്‍ച്ച നടന്നെന്ന പരാതിയുമായെത്തിയത്. അതോടെയാണ് അവിടെ പരിശോധന നടത്താന്‍ രാഹുല്‍ തീരുമാനിച്ചതെന്ന് എഐസിസി ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.
"'മോഷണം മണത്ത' മൻസൂര്‍ അലി ഖാന്‍
ബെംഗളൂരു സെന്‍ട്രലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്സഭാ തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ മൻസൂര്‍ അലി ഖാന് തോല്‍വി അപ്രതീക്ഷിതമായിരുന്നു. അഭിപ്രായ വോട്ടെടുപ്പിലും എക്സിറ്റ് പോളിലും കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര സര്‍വേയിലും മൻസൂര്‍ അലിഖാന്‍ ജയിക്കുമെന്നായിരുന്നു കണ്ടെത്തല്‍. അതിനാല്‍ത്തന്നെ തോല്‍വിയില്‍ ഖാന് 'ചതി' മണത്തു. തന്റെ മണ്ഡലത്തിനുകീഴിലെ എട്ടു നിയമസഭാ മണ്ഡലങ്ങളില്‍ സര്‍വജ്ഞനഗര്‍, സി.വി. രാമന്‍ നഗര്‍, ശിവാജിനഗര്‍, ശാന്തി നഗര്‍, ഗാന്ധി നഗര്‍, രാജാജി നഗര്‍, ചാംരാജ്പേട്ട് എന്നിവിടങ്ങളില്‍ നിന്നായി 82,000 വോട്ടിന്റെ ഭൂരിപക്ഷം മൻസൂര്‍ അലിഖാനുണ്ടായിരുന്നു. എന്നാല്‍, മഹാദേവപുര എന്ന ഒറ്റ മണ്ഡലമെത്തില്‍ മാത്രം 1.15 ലക്ഷം വോട്ടിന്റെ ലീഡ് ബിജെപി സ്ഥാനാര്‍ഥി പി.സി. മോഹന് ലഭിച്ചു-അദ്ദേഹം ജയിച്ചു. ഇത് സംശയകരമാണെന്നും തട്ടിപ്പ് നടന്നിട്ടുണ്ടെന്നുമായിരുന്നു മൻസൂര്‍ അലി ഖാന്‍ രാഹുലിനെ അറിയിച്ചത്."
രാഹുലിന്റെ സംഘത്തിന്റെ ഭഗീരഥ പ്രയത്നം
"തന്റെ സംശയങ്ങള്‍ക്ക് ബലം നൽകുന്നതാണ് അലിഖാന്റെ പ്രസ്താവനയെന്ന് ബോധ്യപ്പെട്ട രാഹുല്‍ തന്റെ മീഡിയ ഗ്രൂപ്പിലെ നാല്‍പ്പതോളം പേരെ ബെംഗളൂരുവിലേക്ക് നിയോഗിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് മണ്ഡലത്തിലെ വോട്ടര്‍പട്ടികയുടെ ഇലക്ട്രോണിക് പകര്‍പ്പ് കിട്ടാന്‍ പാര്‍ട്ടി രേഖാമൂലം അപേക്ഷിച്ചു. എന്നാല്‍, കമ്മിഷന്‍ ഇതിന് തയ്യാറായില്ല. കമ്മിഷന്‍ നിലപാടിനെതിരേ രാഹുല്‍ ലോക്സഭയില്‍ പ്രസംഗിച്ചു. മാധ്യമങ്ങളില്‍ ലേഖനമെഴുതി. പൊതുയോഗങ്ങളില്‍ പ്രസംഗിക്കാനും തുടങ്ങി. ഇതോടെ, ഒടുവില്‍ വോട്ടര്‍പട്ടികയുടെ കടലാസു പകര്‍പ്പ് കമ്മിഷന്‍ നല്‍കി."
20 അടിയോളം ഉയരത്തിലുള്ള കടലാസുകെട്ടുകള്‍. അപ്പോഴേക്കും രണ്ടുമാസം പിന്നിട്ടു. നാല്‍പ്പതംഗ സംഘത്തിന്റെ മുന്നിലുള്ള ആദ്യവെല്ലുവിളി ഇത്രയും കടലാസുകള്‍ സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് പകര്‍പ്പാക്കലായിരുന്നു. കുറച്ചുഭാഗം സ്‌കാന്‍ ചെയ്ത് പരിശോധന തുടങ്ങിയപ്പോഴാണ് അടുത്ത 'ചതി' മനസ്സിലായത്. ഈ കടലാസുകള്‍ ഒപ്റ്റിക്കല്‍ കാരക്ടര്‍ റെക്കഗ്‌നിഷന് സാധ്യമാവുന്നതായിരുന്നില്ല. ഇവ സ്‌കാന്‍ ചെയ്താലും ഇലക്ട്രോണിക് ഡേറ്റയാക്കാനാവില്ല. അതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ സംശയം ശക്തമായി. കടലാസുകളെല്ലാം ഫോട്ടോയെടുത്ത് സ്‌കാന്‍ ചെയ്യുന്ന നടപടിയിലേക്ക് നീങ്ങി. ഈ ഭാഗീരഥ പ്രയത്നത്തിന് നാലുമാസമാണ് വേണ്ടിവന്നത്. ഇലക്ട്രോണിക് ഡേറ്റയാക്കിക്കഴിഞ്ഞാല്‍ സെക്കന്‍ഡുകള്‍ കൊണ്ട് ചെയ്യാവുന്ന ജോലിക്കായി നീക്കിവെച്ചത് നാലുമാസം. ബെംഗളൂരുവിലെ ഓഫീസില്‍ തങ്ങി, നാല്‍പ്പതു ജീവനക്കാര്‍ തങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് മുന്നില്‍ കുത്തിയിരുന്നുണ്ടാക്കിയ ഡേറ്റയാണ് പിന്നീട് വോട്ടര്‍ താരതമ്യത്തിനായി ഉപയോഗിച്ചത്. ഫോട്ടോകള്‍, വിലാസം, വീട്ടുപേര്, അച്ഛന്‍റെ പേര് തുടങ്ങിയവയിലെ സമാനതകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ കണക്കുകള്‍ ഞെട്ടിക്കുന്നതായിരുന്നു
"വോട്ടു മോഷണം ഇങ്ങനെ
മഹാദേവപുരയിൽ മാത്രം മോഷ്ടിക്കപ്പെട്ടത് 1,00,250 വോട്ടുകള്‍. 11,965 ഇരട്ട വോട്ടുകള്‍, 40,009 വ്യാജവിലാസ വോട്ടുകള്‍, 10,452 ഒരേവിലാസ വോട്ടര്‍മാര്‍, 4132 ഫോട്ടോ ഇല്ലാത്തവര്‍, 33,692 കന്നിവോട്ടിനുള്ള ഫോറം 6 ദുരുപയോഗം ചെയ്തവര്‍. കന്നിവോട്ട് ചെയ്യാനെത്തിയവരുടെ പ്രായം 70, 85, 95 എന്നിങ്ങനെ...
പോരാട്ടവേദിയിലേക്ക് 'ഇന്ത്യ'
വോട്ടുമോഷണത്തിനെതിരേ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്ക് വെള്ളിയാഴ്ച മാര്‍ച്ച് നടത്തുന്ന ഇന്ത്യ സഖ്യം, ഇതുകൊണ്ട് പോരാട്ടം നിര്‍ത്തില്ലെന്നാണ് സൂചന. രാഹുല്‍ വ്യാഴാഴ്ച രാത്രി 'ഇന്ത്യ' നേതാക്കള്‍ക്ക് നല്‍കിയ വിരുന്നില്‍, പോരാട്ടം പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ ഒതുങ്ങരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലേക്കാവും അടുത്ത മാര്‍ച്ച്. പിന്നാലെ സെപ്റ്റംബര്‍ 10-ന് പട്നയില്‍ ആര്‍ജെഡി പദയാത്ര തുടങ്ങും. 24-ന് ഇതിന്റെ സമാപന സമ്മേളനത്തില്‍ വോട്ട് മോഷണത്തിനെതിരേ 'ഇന്ത്യ' നേതാക്കള്‍ ഒരുമിച്ച് പോരാട്ട പ്രഖ്യാപനം നടത്തുമെന്നാണ് ഇപ്പോഴത്തെ സൂചന."
. കടപ്പാട് -മാതൃഭൂമി .കോം
No comments:
Post a Comment