Monday, July 21, 2025

ധര്‍മസ്ഥല കൊലപാതകങ്ങള്‍: വാര്‍ത്തകള്‍ ഡിലീറ്റ് ചെയ്യിച്ചതിനെതിരേ തേഡ് ഐ യൂട്യൂബ് ചാനല്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടെന്ന ആരോപണത്തിലെ വീഡിയോ ഡിലീറ്റ് ചെയ്യാന്‍ ഉത്തരവിട്ട കോടതി വിധിക്കെതിരെ യൂട്യൂബ് ചാനല്‍ ഉടമ സുപ്രിംകോടതിയെ സമീപിച്ചു. തേഡ് ഐ എന്ന ചാനലാണ് ഹരജി നല്‍കിയിരിക്കന്നത്. ധര്‍മസ്ഥല ക്ഷേത്ര നടത്തിപ്പുകാരായ കുടുംബത്തിനെതിരേ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന് പറഞ്ഞാണ് ബംഗളൂരു കോടതി ചാനലിനെതിരേ ഏകപക്ഷീയ വിധി ഇറക്കിയത്.

ധര്‍മസ്ഥല ക്ഷേത്രത്തിന്റെ ധര്‍മാധികാരിയായ ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ സഹോദരനായ ഡി ഹര്‍ഷേന്ദ കുമാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ബംഗളൂരു കോടതിയെ തെറ്റിധരിപ്പിച്ച് വിധി വാങ്ങിയെന്നാണ് തേഡ് ഐ വാദിക്കുന്നത്. ക്ഷേത്ര ഭരണസമിതിയെ കുറിച്ചും ചില ഭാരവാഹികളെയും കുറിച്ചുള്ള കേസുകളുടെ വിവരമാണ് വാര്‍ത്തയാക്കിയതെന്ന് ചാനല്‍ വാദിക്കുന്നു. 8842 വാര്‍ത്താലിങ്കുകളാണ് ബംഗളൂരു കോടതി വിധി മൂലം ഡിലീറ്റ് ചെയ്യപ്പെട്ടത്. ധര്‍മസ്ഥലയിലെ ദുരൂഹത പുറത്തുവരാതിരിക്കാനാണ് ആരോപണവിധേയര്‍ കോടതിയെ സമീപിച്ചതെന്നും ചാനല്‍ വാദിക്കുന്നു

അതേസമയം, ധര്‍മസ്ഥലയിലെ കേസുകള്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കി. സ്വാധീനമുള്ള വ്യക്തികള്‍ ആരോപണ വിധേയരായതിനാല്‍ കേസ് പോലിസ് തേച്ചുമാച്ചു കളയാമെന്നാണ് ആശങ്ക. കേസ് ഫയല്‍ ചെയ്തതിന് ശേഷം പ്രമുഖനായ ഒരു വ്യക്തി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് പരമേശ്വര പറഞ്ഞത്. പക്ഷേ, പരമേശ്വരയുടെ വകുപ്പ് വിദ്യാഭ്യാസമല്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഡോ. വീരേന്ദ്ര ഹെഗ്ഗഡെയുടെ കീഴിലുള്ള ക്ഷേത്ര സമിതിക്ക് പ്രശ്‌നങ്ങളില്‍ പങ്കുണ്ടെന്നാണ് പലരും ആരോപിക്കുന്നത്. കുടുംബപരമായ അവകാശത്തിന്റെ ഭാഗമായി 1968 ഒക്ടോബറില്‍, പത്തൊമ്പതാം വയസിലാണ് വീരേന്ദ്ര ഹെഗ്ഗഡ ധര്‍മസ്ഥല ക്ഷേത്രത്തിന്റെ അഡ്മിനിസ്ട്രേറ്ററായത്. 1993ല്‍ രാഷ്ടപതി ഡോ.ശങ്കര്‍ ദയാല്‍ ശര്‍മ രാജര്‍ഷി പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന 2000ല്‍ സാമൂഹിക പ്രവര്‍ത്തനത്തിനും സാമൂഹിക സൗഹാര്‍ദ്ദത്തിനും വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി. ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന 2009ല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക രത്നം പുരസ്‌കാരം നല്‍കി. 2015ല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് പത്മവിഭൂഷണും സമ്മാനിച്ചു

 2022ല്‍ ബിജെപി അദ്ദേഹത്തെ രാജ്യസഭ അംഗമാക്കി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...