വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്. മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ആവര്‍ത്തിച്ച വെള്ളാപ്പള്ളിയെ ഇന്ന് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പുകഴ്ത്തിയതും ചര്‍ച്ചയായിട്ടുണ്ട്
മന്ത്രി വിഎന്‍ വാസവന്‍, കെ ബാബു എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവരാണ് വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്.
കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്തതും തെറ്റാണ് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു. നിലമ്ബൂരില്‍ വിവാദ പ്രസ്താവന നടത്തിയ തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളിയെ പുകഴ്ത്തിയിരുന്നു. ഇപ്പോള്‍ വിഎന്‍ വാസവനും. എന്തിനാണ് എല്ലാത്തിലും മതം പറയുന്നത് എന്ന് ഷാഫി ചാലിയം റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചയില്‍ പങ്കെടുക്കവെ ചോദിച്ചു.
''വര്‍ഗീയത പറഞ്ഞാല്‍ ആര്‍ജവമുള്ള നേതാവാകുമോ. ഇത്തരം നേതാക്കളെ പുകഴ്ത്താമോ. സ്ത്രീ വിരുദ്ധത വെള്ളാപ്പള്ളി പറഞ്ഞിട്ടും ഏതെങ്കിലും മഹിളാ സംഘടനകള്‍ രംഗത്തുവന്നോ. സ്ത്രീകള്‍ പ്രസവിക്കുന്ന യന്ത്രങ്ങളാണോ. എന്തൊക്കെയാണ് ഈ മനുഷ്യന്‍ പറയുന്നത്. മുസ്ലിം സമുദായം പെറ്റുകൂട്ടുകയാണത്രെ. എല്ലാത്തിനും അച്യുതാനന്ദന്റെ വാക്കുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ മുസ്ലിം രാജ്യമാകുമത്രെ.
ഇത്ര വലിയ ഭൂരിപക്ഷം കിട്ടിയിട്ടും ബിജെപിക്ക് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കാന്‍ സാധിച്ചിട്ടില്ല. എന്നിട്ടാണോ ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത ജമാഅത്തെ ഇസ്ലാമി ഇവിടെ മുസ്ലിം രാജ്യമുണ്ടാക്കുന്നത്. പറയുന്നതില്‍ എന്തെങ്കിലും അര്‍ഥം വേണ്ടേ. ഇദ്ദേഹത്തിന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ദുബായില്‍ ലോക്കായല്ലോ. പെറ്റുകൂട്ടിയ സമുദായത്തിലെ എംഎ യൂസഫലി അല്ലേ അന്ന് രക്ഷിച്ചത്.
നന്ദിയുണ്ടോ വെള്ളാപ്പള്ളിക്ക്. എന്തിനാണ് മതം പറയുന്നത്. സ്വന്തം സമുദായത്തിലെ അംഗങ്ങള്‍ മല്‍സരിച്ചപ്പോള്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് വെള്ളാപ്പള്ളി. അടൂര്‍ പ്രകാശ് എസ്‌എന്‍ഡിപി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചില്ലേ. അടൂര്‍ പ്രകാശിന്റെ പിതാവ് അഡ്വ. കുഞ്ഞിരാമന്‍ എസ്‌എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു.
വയനാട് ദുരന്തമുണ്ടായപ്പോള്‍ ചെറിയ വീടെങ്കിലും വെള്ളാപ്പള്ളി ഉണ്ടാക്കി കൊടുത്തോ. വിഷം പറയാന്‍ മാത്രമാണ് വന്നത്. കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ കൊടുക്കുന്നു. ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയം മെഷീന്‍ ഗണ്ണുമായി കൂടെയുണ്ട്. എന്തിനാണിത്. കേരളത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം സുരക്ഷയുണ്ടോ. വെള്ളാപ്പള്ളിയെ കൊണ്ട് ഇത് പറയിപ്പിക്കുന്നത് കേന്ദ്രവും ബിജെപിയും ആര്‍എസ്‌എസുമാണ്. ഇയാളെയാണ് നവോത്ഥാന മതിലിന്റെ പ്രസിഡന്റാക്കി വച്ചത്.
30 കൊല്ലമായി എസ്‌എന്‍ഡിപിയുടെ നേതൃത്വത്തില്‍ എത്തിയിട്ട്. ഒരു പുതിയ സ്ഥാപനം തുടങ്ങാന്‍ വെള്ളാപ്പള്ളിക്ക് സാധിച്ചോ. പുതിയ കെട്ടിടമോ കോഴ്‌സോ കൊണ്ടുവന്നോ. പിന്നാക്ക വിഭാഗത്തിന്റെ ഐക്യമായിരുന്നു എസ്‌എന്‍ഡിപിയുടെ നയം. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നത്. ഹിന്ദു ഐക്യസംഘമായി മാറിയെന്നും'' ഷാഫി ചാലിയം പറയുന്നു.
No comments:
Post a Comment