Thursday, July 3, 2025

സൂക്ഷിക്കുക,അമിതവേഗവും ഡ്രൈവിങ്അഭ്യാസവും:വാഹനാപകടത്തിന് നഷ്ടപരിഹാരമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അപകടകരവും,കുറ്റകരവുമായരീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഡ്രൈവറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി.

അശ്രദ്ധവും അപകടകരവുമായ രീതിയിലുള്ള വാഹനമോടിക്കല്‍, വാഹനംകൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയ്ക്കിടെ മരിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാവില്ലെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരം തേടിയുള്ള ഹര്‍ജി തള്ളിയ കര്‍ണാടക ഹൈക്കോടതിയുടെ വിധി ശരിവെച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2014 ജൂണ്‍ 18-ന് കര്‍ണാടകത്തില്‍ വാഹനാപകടത്തില്‍ മരിച്ച എന്‍.എസ്. രവിഷായുടെ കുടുംബത്തിന് നഷ്ടപരിഹാരം വേണമെന്ന ആവശ്യമാണ് തള്ളിയത്. ഗതാഗതനിയമങ്ങള്‍ ലംഘിച്ച് അതിവേഗത്തില്‍ അശ്രദ്ധമായാണ് രവിഷാ വാഹനമോടിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. വാഹനം റോഡില്‍ കീഴ്മേല്‍മറിഞ്ഞു.

പ്രതിമാസം മൂന്നുലക്ഷം രൂപ വരുമാനമുള്ള കോണ്‍ട്രാക്ടറാണ് രവിഷായെന്നും അതിനാല്‍ 80 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മോട്ടോര്‍വാഹനാപകട ട്രിബ്യൂണലിനുമുന്‍പാകെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം തള്ളിയാണ് സുപ്രീംകോടതി സുപ്രധാനമായ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വാഹനം ഓടിച്ചയാള്‍ വരുത്തിവെച്ച അപകടത്തിന്റെ പേരില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ മരണപ്പെട്ടയാളുടെ ഭാര്യക്കും മാതാപിതാക്കള്‍ക്കും അര്‍ഹതയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. വാഹനമോടിച്ചിരുന്ന ആളുടെ ഭാഗത്തുനിന്നുണ്ടായ കുഴപ്പമല്ലാതെ മറ്റൊരു കാരണങ്ങളും ഈ അപകടത്തില്‍ കാണാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വിലയിരുത്തി."

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...