ഈ രാജ്യത്ത്, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നും. അങ്ങനെയൊരു സമൂഹം രൂപപ്പെടാൻ അധികദൂരമില്ല. നമ്മുടെ രാജ്യത്തെ ഭാഷകൾ നമ്മുടെ സംസ്കാരത്തിന്റെ രത്നങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മുടെ ഭാഷകളില്ലാതെ നമ്മൾ യഥാർത്ഥ ഇന്ത്യക്കാരല്ലാതായിത്തീരും" - അമിത് ഷാ പറഞ്ഞു.ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായുള്ള 'ത്രിഭാഷാ ഫോർമുല' നടപ്പിലാക്കുന്നതിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ചില ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന സമയത്താണ് അമിത് ഷായുടെ ഈ പരാമർശങ്ങൾ എന്നുള്ളതാണ് ശ്രദ്ധേയം. ഡിസംബർ മുതൽ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളുമായി അവരുടെ മാതൃഭാഷകളിൽ ആശയവിനിമയം നടത്തുമെന്ന് അമിത് ഷാ ഈ വർഷം ആദ്യം പറഞ്ഞിരുന്നു. ഭാഷയുടെ പേരിൽ രാജ്യത്ത് മതിയായ വിഭജനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അത് ഇനിയും സംഭവിക്കാൻ പാടില്ലെന്നുമാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷ് ഇന്ത്യൻ സംസ്കാരം ഉൾക്കൊള്ളുന്ന ഭാഷയല്ലെന്നും ഒരു മാറ്റം അനിവാര്യമാണെന്നുവാദം കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഉയർത്തുന്നത്. എന്നാൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കം തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തിനിടെയാണ് അമിത് ഷാ യുടെ വാക്കുകൾ.
No comments:
Post a Comment