ജീവന് ആപത്തു സംഭവിക്കാത്തതിൽ സമാധാനം ഉണ്ടെന്ന് ഭർത്താവ്
ഈ അടുത്ത കാലത്തായി മധുവിധു കാലയളവിൽ ഭർത്താക്കന്മാരെ ഭാര്യമാർ കാമുകരുമായി ആസൂത്രിതമായി കൊലപ്പെടുത്തിയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞത് ഓർക്കുമല്ലോ.ഇപ്പോൾ ഉത്തർപ്രദേശിലെ ഒരു യുവാവ് വിവാഹ ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിലെ സന്തോഷം പങ്കുവയ്ക്കുകയാണ്. കൊലപാതകത്തിനിരയായ രാജ രഘുവംശി എന്ന യുവാവിനെ പോലൊരു വിധിയയുണ്ടായില്ലല്ലോ എന്നതിൽ സന്തോഷമുണ്ടെന്നാണ് സുനിൽ എന്ന യുവാവ് പറയുന്നത്.
മേയ് 17നായിരുന്നു സുനിലിന്റെ വിവാഹം. 9 ദിവസം സുനിലിന്റെ വീട്ടിൽ നിന്ന ശേഷം ഭാര്യസ്വന്തം വീട്ടിലേക്കു പോയി. അവിെട നിന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. എന്നാൽ യുവതിയെ കാണാതായതിനെ തുടർന്ന് സുനിൽ പൊലീസിൽ പരാതി നൽകി. എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയ യുവതി തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചു.
യുവതിയുടെ തീരുമാനത്തെ അംഗീകരിച്ച സുനിലും കുടുംബവും വിവാഹത്തിന്റെ ഭാഗമായി യുവതിയുടെ വീട്ടുകാർ നല്‍കിയ ആഭരണങ്ങളും മറ്റു സമ്മാനങ്ങളും തിരികെ നൽകി. ജീവന് ആപത്തു സംഭവിക്കാത്തതിൽ സമാധാനമുണ്ടെന്ന് സുനിൽ മാധ്യമങ്ങളോടു പറഞ്ഞു. ‘മധുവിധുവിന് അവളെയും കൊണ്ട് നൈനിറ്റാളിൽ പോകണമെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, കാമുകനൊപ്പമാണ് അവൾ ജീവിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ എനിക്കതിൽ സന്തോഷമേയുള്ളൂ. രാജ രഘുവംശിെയ പോലെ എന്റെ ജീവിതം അവസാനിച്ചില്ലല്ലോ എന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ ഞങ്ങൾ മൂവരും സന്തുഷ്ടരാണ്. അവൾ പ്രണയം കണ്ടെത്തി. എന്റെ ജീവിതം തകർത്തില്ല.’– സുനിൽ പറഞ്ഞു.
‘അവൾ എട്ടുദിവസം മാത്രമാണ് ഞങ്ങൾക്കൊപ്പം താമസിച്ചത്. ഞങ്ങൾ അവൾക്കു നൽകിയ വസ്തുക്കൾ തിരിച്ചു വാങ്ങുക മാത്രമാണ് ചെയ്തത്.’– വരന്റെ സഹോദരി രാധ വ്യക്തമാക്കി. ഇരുകുടുംബങ്ങളും പരസ്പര സമ്മതത്തോടെ വാങ്ങിയ സമ്മാനങ്ങൾ തിരികെ നൽകിക്കൊണ്ട് ഉടമ്പടിയിൽ ഒപ്പുവച്ചു. മറ്റു നിയമനടപടികളില്ലെന്ന് പൊലീസും അറിയിച്ചു.
No comments:
Post a Comment