ഇന്ത്യൻ ആർമിയെ ഇകഴത്തുന്ന പ്രസ്താവനയുമായി ബിജെപി നേതാവും മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയുമായ ജഗ്ദീഷ് ദേവ്ഡ. രാജ്യത്തെ സൈന്യവും സൈനികരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽക്കൽ വണങ്ങി നിൽക്കുന്നുവെന്നായിരുന്നു ദേവ്ഡയുടെ വാക്കുകൾ.
കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണവും തിരിച്ചടിയായി രാജ്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറും പരാമർശിച്ച് സംസാരിക്കുന്നതിനിടെയാണ് സൈന്യം പ്രധാനമന്ത്രിയുടെ കാലുകളിൽ നമസ്കരിക്കുകയാണെന്ന് സദസിനോടായി മന്ത്രി പറഞ്ഞത്. 'പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രശംസനീയമാണ്. അദ്ദേഹത്തോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. രാജ്യവും സൈന്യവും സൈനികരും അദ്ദേഹത്തിന്റെ കാൽക്കൽ തലകുമ്പിട്ടുന്നു നിൽക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ കാൽക്കൽ നമസ്കരിക്കുന്നു'- ജഗ്ദീഷ് ദേവ്ഡ പ്രസംഗത്തിൽ പറഞ്ഞു.
സൈന്യത്തെ ഇകഴ്ത്തിയുള്ള മോദി പ്രശംസെക്കെതിരെ രൂക്ഷ വിമർശനമുയർന്നിരിക്കുകയാണ്. മന്ത്രിയുടെ പ്രസ്താവന അത്യന്തം അപലപനീയമാണെന്നും മന്ത്രിക്കെതിരെ സ്വമേധയാ നിയമ നടപടിയെടുക്കണമെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.ജനം എല്ലാം കാണുന്നുണ്ട്. ബിജെപിയുടെ മുഖസ്തുതി എല്ലാ പരിധികളും ലംഘിച്ചു. യഥാർത്ഥ രാജ്യസ്നേഹികൾക്കിടയിൽ ബിജെപിക്കെതിരായ വികാരം ഉച്ഛസ്ഥായിയിലാണെന്നും അഖിലേഷ് യാദവ് എക്സ് പോസ്റ്റിൽ പറഞ്ഞു. സിവിൽ ഡിഫൻസിൽ പരിശീലനത്തിനെത്തിയ വളന്റിയർമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജഗദീഷ് ദേവ്ഡയുടെ വിവാദ പരാമർശം.