LATEST

6/recent/ticker-posts

അമ്മയുടെ ചിതയ്ക്ക് മുകളിൽ കിടന്ന് മകന്റെ പ്രതിഷേധം; ആഭരണങ്ങൾ വേണ്ടി.....

ജയ്പുര്‍: അമ്മയുടെ ആഭരണങ്ങള്‍ തനിക്കുവേണമെന്ന് ആവശ്യപ്പെട്ട് മകന്‍ അമ്മയുടെ ചിതയ്ക്ക് മുകളില്‍ കിടന്ന് പ്രതിഷേധിച്ചു. രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോര്‍ ജില്ലയിലായിരുന്നു സംഭവം. ഒടുവില്‍ അമ്മയുടെ ആഭരണങ്ങള്‍ ശ്മശാനത്തിലെത്തിച്ച് കൈമാറിയതോടെയാണ് മകന്‍ പ്രതിഷേധം അവസാനിപ്പിച്ചത്. 
 . അമ്മ ഭുരിദേവിയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. മെയ് മൂന്നാംതീയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയുംചെയ്തു.


ഭൂരിദേവിയുടെ ആഭരണങ്ങള്‍ ലഭിക്കാനായി അഞ്ചാമത്തെ മകനായ ഓംപ്രകാശാണ് സംസ്കാരച്ചടങ്ങിനിടെ പ്രശ്നമുണ്ടാക്കിയത്. ഓംപ്രകാശ് അടക്കം ഭുരിദേവിക്ക് ഏഴ് ആണ്‍മക്കളാണുള്ളത്. ഇതില്‍ ആറുപേരും ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസം. എന്നാല്‍, ഓംപ്രകാശ് മാത്രം മറ്റൊരിടത്താണ് താമസിക്കുന്നത്. ഓംപ്രകാശും സഹോദരങ്ങളും തമ്മില്‍ വര്‍ഷങ്ങളായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയായിരുന്നു അമ്മയുടെ മരണം.


ഭുരിദേവിയുടെ മരണം സംഭവിച്ചതിന് പിന്നാലെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെല്ലാം മാറ്റുകയും വീട്ടില്‍വെച്ച് ആചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തുകയുംചെയ്തിരുന്നു. ഈ സമയത്ത് മൂത്തമകനായ ഗിര്‍ദാരിക്കാണ് അമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ കൈമാറിയിരുന്നത്. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെയാണ് ഓംപ്രകാശും സഹോദരങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായത്. അമ്മയുടെ ആഭരണങ്ങള്‍ക്കായി ഇയാള്‍ അവകാശവാദമുന്നയിക്കുകയുംചെയ്തു."അമ്മയുടെ വെള്ളി വളകളും മറ്റാഭരണങ്ങളും തനിക്കുവേണമെന്നായിരുന്നു ഓംപ്രകാശിന്റെ ആവശ്യം. ആഭരണങ്ങള്‍ നല്‍കാതെ സംസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നുപറഞ്ഞ് ഇയാള്‍ അമ്മയ്‌ക്കൊരുക്കിയ ചിതയ്ക്ക് മുകളില്‍ കിടക്കുകയുംചെയ്തു. ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഓംപ്രകാശ് വഴങ്ങിയില്ല. ഒടുവില്‍ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങള്‍ ശ്മശാനത്തിലെത്തിച്ച് കൈമാറിയതോടെയാണ് ഓംപ്രകാശ് പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്. സംഭവത്തെതുടര്‍ന്ന് സംസ്‌കാരചടങ്ങുകള്‍ രണ്ടുമണിക്കൂറോളം വൈകുകയുംചെയ്തു."