ബംഗളൂരു : രാജ്യത്ത് കൊമേഴ്സ്യൽ
പൈലറ്റുമാരാകാനുള്ള വിദ്യാഭ്യാസ യോഗ്യതകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA).
നേരത്തെ സയൻസ് വിദ്യാർഥികള്‍ക്ക് മാത്രം കൊമേഴ്സ്യല്‍ പൈലറ്റ് ലൈസൻസിന് (CPL) അർഹതയുണ്ടായിരുന്ന നിയമത്തിലാണ് മാറ്റം വരുത്താൻ ഒരുങ്ങുന്നത്. ഇനി ആർട്സ്, കൊമേഴ്സ് വിഷയങ്ങളില്‍ 12-ാം ക്ലാസ് പാസായവർക്കും CPL നേടാൻ സാധിക്കും. മൂന്ന് പതിറ്റാണ്ടായി നിലവിലുള്ള നിയമമാണ് തിരുത്തുന്നത്.
നിയമ ഭേദഗതിക്കായി ഡിജിസിഎ സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചു കഴിഞ്ഞു. സിവില്‍ ഏവിയേഷൻ മന്ത്രാലയം അംഗീകരിച്ചാല്‍, ഈ ശുപാർശകള്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് അയക്കുകയും അവർ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യുകയും ചെയ്യും.
എല്ലാ ഔദ്യോഗിക നടപടികളും പൂർത്തിയായാല്‍, 12-ാം ക്ലാസ് പാസായ എല്ലാ വിദ്യാർത്ഥികള്‍ക്കും (ആവശ്യമായ മെഡിക്കല്‍, മറ്റ് ടെസ്റ്റുകള്‍ പാസാകണം) ഇന്ത്യയില്‍ വാണിജ്യ പൈലറ്റുമാരാകാൻ അർഹതയുണ്ടാകും. 1990-കളുടെ മധ്യത്തോടെയാണ് സിപിഎല്‍ പരിശീലനം സയൻസ്, മാത്സ് വിദ്യാർത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ലോകത്ത് മറ്റൊരിടത്തും ഇങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിപിഎല്‍ ലഭിക്കുന്നതിന് അടിസ്ഥാനപരമായ ഭൗതികശാസ്ത്രവും ഗണിതശാസ്ത്ര അറിവും ആവശ്യമാണെങ്കിലും, ഈ അറിവ് ജൂനിയർ ക്ലാസ്സുകളില്‍ തന്നെ പഠിപ്പിക്കുന്നുണ്ട്. നിലവിലുള്ള നിയന്ത്രണങ്ങള്‍ നീക്കി യോഗ്യരായ പൈലറ്റുമാരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത് സിപിഎല്‍ പരിശീലനത്തിനായുള്ള അപേക്ഷകളില്‍ വലിയ വർദ്ധനവിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ ആവശ്യം നിറവേറ്റുന്നതിനായി, ഇന്ത്യൻ ഫ്ലൈയിംഗ് സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ വ്യോമയാന അധികാരികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. നിലവില്‍, രാജ്യത്തെ പല ഫ്ലൈയിംഗ് സ്കൂളുകളും നിലവാര തകർച്ച നേരിടുന്നതിനാല്‍ പൈലറ്റ് ആകാൻ ആഗ്രഹിക്കുന്ന പലരും സിപിഎല്‍ പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സാഹചര്യമാണുള്ളത്.
രാജ്യത്ത് പൈലറ്റുമാരുടെ വലിയ ക്ഷാമം നേരിടുന്ന സമയത്താണ് സർക്കാരിന്റെ ഈ നീക്കം. DGCA-യുടെ കണക്കുകള്‍ പ്രകാരം, 2023 നെ അപേക്ഷിച്ച് 2024-ല്‍ ആകെ വിതരണം ചെയ്ത സിപിഎല്ലുകളുടെ എണ്ണത്തില്‍ 17% കുറവുണ്ടായി. കൂടാതെ, 2023-ല്‍ സിപിഎല്‍ ലഭിക്കാനുള്ള കാത്തിരിപ്പ് സമയം 2022 നെ അപേക്ഷിച്ച് 40% വർദ്ധിക്കുകയും ചെയ്തിരുന്നു.
No comments:
Post a Comment