യുൻ എന്ന് പേരായ ഒരു സ്ത്രീ മലമുകളിൽ താമസിക്കുന്ന ഒരു ഗുരുവിനെ കാണാനെത്തിയത് ഒരു പരാതിയുമായാണ്.
അവരുടെ ഭർത്താവ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുദ്ധക്കളത്തിലായിരുന്നു. തിരിച്ചു വന്നപ്പോൾ ആളാകെ മാറി. പഴയതുപോലെ സംസാരമില്ല. എന്തെങ്കിലും സംസാരിച്ചാൽത്തന്നെ വല്ലാത്ത ദേഷ്യമാണ്. അയാളുടെ ഈ സ്വഭാവം കാരണം കുടുംബത്തിലാകെ പ്രശ്നമാണ്. ആരോടും അയാൾ അടുക്കുന്നില്ല. ഇതാണ് പരാതി. ഇതിന് വല്ല പരിഹാരവുമുണ്ടോ എന്ന് ആരാഞ്ഞു.
ഗുരു പരാതി ശ്രദ്ധയോടെ കേട്ടശേഷം പറഞ്ഞു:
"ഞാൻ ഒരു മരുന്നുണ്ടാക്കിത്തരാം. പക്ഷേ അതിന് എനിക്ക് ജീവനുള്ള കടുവയുടെ ഒരു മീശ രോമം വേണം. മരുന്നിലിടാനാണ്"
ഇത്രയും പറഞ്ഞ് ഗുരു നടന്ന് നീങ്ങി.
ഇതു കേട്ട് അമ്പരന്ന് യുൻ അവിടെനിന്നു പോയി. എങ്ങനെയെങ്കിലും ഒരു കടുവയുടെ മീശരോമം സംഘടിപ്പിച്ചേ പറ്റൂ എന്ന് അവൾ തീരുമാനിച്ചൂ.
ഒരു ദിവസം അവൾ ഇറച്ചി കൊണ്ടുള്ള ഭക്ഷണവുമായി കാട്ടിൽ കടുവ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഗുഹയുടെ അടുത്തെത്തി. ഗുഹയുടെ വാതിൽക്കൽ ഭക്ഷണം വെച്ചിട്ട് മാറിനിന്നു. കടുവ പുറത്തേക്ക് വന്നില്ല. കുറേ ദിവസം ക്ഷമയോടുകൂടി യുൻ ഇത് ആവർത്തിച്ചു. ഒരു ദിവസം കടുവ ഗുഹയുടെ പുറത്തേക്ക് വരികയും യുൻ കൊണ്ടുവെച്ച ഭക്ഷണം കഴിക്കുകയും ചെയ്തു.
ക്ഷമാപൂർവമായ ദീർഘ നാളത്തെ പരിചരണം കൊണ്ട് കടുവ യുന്നിനോട് ഏതാണ്ട് ഒന്ന് അടുത്തു. അവർ കൂട്ടുകാരായി. ആ അവസരം മുതലെടുത്ത് യുൻ കടുവയുടെ ഒരു മീശ രോമം പിഴുതെടുത്ത് ഗുരുവിന്റെ അടുത്തേക്ക് ഓടിച്ചെന്നു.
ഗുരു അവളുടെ സാഹസിക കഥകളൊക്കെ കേട്ടതിനു ശേഷം കടുവയുടെ മീശരോമം വാങ്ങി തീയെരിയുന്ന അടുപ്പിലേക്ക് ഇട്ടു.
യുൻ ആകെ അമ്പരന്നു. അപ്പോൾ ഗുരു പറഞ്ഞു:
"ദീർഘനാളത്തെ ക്ഷമയോടെ ഉള്ള പരിചരണം കൊണ്ട് ഒരു കടുവയെ മെരുക്കാനും നിന്റെ വരുതിയിലാക്കാനും നിനക്ക് കഴിഞ്ഞു. ഒരു കടുവയുടെ അത്രയും ക്രൂരനല്ല നിന്റെ ഭർത്താവ്. അപ്പോൾ പിന്നെ നീ അയാളെ കുറേക്കൂടി ക്ഷമയോടെയും സ്നേഹത്തോടെയും കരുതലോടെയും പരിചരിച്ചു നോക്കൂ. നല്ല മാറ്റമുണ്ടാവും."
ഇത് ഒരു നാടോടിക്കഥ മാത്രമാണ്. എങ്കിലും നമ്മിൽ പലരുടെ കുടുംബങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. സ്നേഹമോ വാത്സല്യമോ കരുതലോ കിട്ടാതെ മാതാപിതാക്കളുടെ വരുതിയിൽ വരാത്ത എത്രയോ കുട്ടികളെ നമുക്ക് കാണാൻ കഴിയും. ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളാണ് പ്രധാന കാരണം. നിസ്സാര പ്രശ്നങ്ങൾക്കുപോലും തമ്മിൽ വഴക്കടിക്കുന്ന എത്രയോ ഭാര്യാ ഭർത്താക്കന്മാരുണ്ട്.
പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല. പ്രശ്നങ്ങളൊക്കെ ക്ഷമയോടെ കേട്ട് മനസ്സിലാക്കി വിട്ടുവീഴ്ചമനോഭാവത്തോടെ പോംവഴി കണ്ടെത്തിയാൽ പ്രശ്ന പരിഹാരം എളുപ്പമായി. അതിന് കുറെയേറെ ക്ഷമയും സ്നേഹവും കരുതലും ത്യാഗസന്നദ്ധതയും ഒക്കെ വേണം. എങ്കിലേ കുടുംബ ബന്ധങ്ങൾ ദൃഢമാകുകയുള്ളൂ.