പെ രുമ്പിലാവ്: പെരുമ്ബിലാവ് അൻസാർ ആശുപത്രി, അത്യാഹിത വിഭാഗത്തിന് മുന്നിലേക്ക് പാഞ്ഞെത്തിയ ആംബുലൻസില്‍ നിന്നും ഒരു കുട്ടിയുമായി ജീവനക്കാർ ഓടി.
ക്വാഷ്വാലിറ്റിയിലേക്ക് എത്തിയ രോഗിയെ കണ്ടതും ഒരു നഴ്സ് കുഴഞ്ഞ് വീണു. വ്യാഴാഴ്ച പെരുമ്ബിലാവ് അൻസാർ ആശുപത്രിയിലെ ഈ കാഴ്ച ആരുടെയും കരളലിയിപ്പിക്കും. ഒരു വാഹന അപകടമുണ്ടായിട്ടുണ്ട്, ഗുരുതരമായി പരിക്കേറ്റ ഒരു കുട്ടിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട് എന്നറിഞ്ഞാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് സുലൈഖ പാഞ്ഞുവന്നത്. സംസ്ഥാനപാത പോകുന്ന സ്ഥലത്തുള്ള ആശുപത്രി ആയതു കൊണ്ട് വാഹനാപകട കേസുകള്‍ നിത്യസംഭവമാണ്. അപകടത്തില്‍ പരിക്കേറ്റ നിരവധിപേരെ പരിചരിച്ചിട്ടുള്ള സുലൈഖ പക്ഷേ ഇത്തവണ ഞെട്ടിപ്പോയി. വാഹന അപകടത്തില്‍ പെട്ടത് സ്വന്തം മകനാണെന്ന് അറിഞ്ഞതോടെ സുലേഖ കുഴഞ്ഞുവീണു.
ഓടിക്കൂടിയവർ അപ്പോഴാണ് മരിച്ച കുട്ടിയെക്കുറിച്ച് അറിയുന്നത്. ഇതോടെ ആശുപത്രി ജീവനക്കാരും തടിച്ചുകൂടിയവരും സങ്കടക്കടലിലായി. ഗ്യാസ് സിലിണ്ടറുകളുമായി വന്നിരുന്ന പിക്കപ്പ് വാൻ സൈക്കിളിലിടിച്ചാണ് സൈക്കിള്‍ യാത്രികനായ 10-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. അക്കിക്കാവ് ടി എം ഹൈസ്കൂളിലെ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർതഥി കൊരട്ടിക്കര പാതാക്കര കൊച്ചുപറമ്ബില്‍ മെഹബൂബിന്റെ മകൻ അല്‍ ഫൗസാനാണ് (15) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 ന് അക്കിക്കാവ് ജംഗ്ഷനിലാണ് ദാരുണമായ അപകടം നടന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അല്‍ ഫൗസാനെ സമീപത്തെ അൻസാർ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അപകട സ്ഥലത്തുള്ളവരോ ആശുപത്രിയില്‍ എത്തിച്ചവരോ കുട്ടിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
അൻസാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്ബോഴേക്കും അല്‍ ഫൗസാൻ മരണത്തിന് കീഴടങ്ങിയിരുന്നു. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ കരിക്കാട് ഭാഗത്തുനിന്ന് വന്നിരുന്ന വാഗണർ കാറില്‍ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ ഫൗസാനെ നാട്ടുകാർ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് മെഹബൂബും , മാതാവ്സുലൈഖയും അൻസാർ ആശുപത്രി ജീവനക്കാരാണ്.
ട്യൂഷൻ സെന്ററിലെ ക്ലാസ് കഴിഞ്ഞ് മടങ്ങുമ്ബോള്‍, സമീപത്തെ കടയില്‍നിന്ന് കേടുപാടു തീർത്ത സ്വന്തം സൈക്കിള്‍ കൈപ്പറ്റി തള്ളിക്കൊണ്ടുപോവുകയായിരുന്നു അല്‍ ഫൗസാൻ. പിതാവ് മെഹബൂബ് സൈക്കിള്‍ കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നെങ്കിലും ജ്യേഷ്ഠൻ കൊടുത്ത പണവുമായി അല്‍ ഫൗസാൻ തന്നെ കടയില്‍ പോയി എടുക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ ചവിട്ടി വരരുതെന്ന് പറഞ്ഞിരുന്നതിനാലാണ് തള്ളിക്കൊണ്ടു വന്നിരുന്നത്. അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ വന്നേരി വളപ്പില്‍ സുലൈമാൻ അൻസാർ ആശുപത്രിയില്‍ ചികിത്സയിലാണ്.