കോട്ടയ്ക്കല്‍: ചെറിയൊരു വിള്ളല്‍ കണ്ടപ്പോള്‍ കാർനിർത്തിയതാണ് ഷംസുദ്ദീൻ. നോക്കിയിരിക്കെ നിമിഷങ്ങള്‍ക്കകം ആ വിള്ളലുകള്‍ വലുതാവുകയാണ്.
കാർനില്‍ക്കുന്ന പാത ഇടിഞ്ഞ് ഒരുവശത്തേക്ക് ചെരിയുന്നു, അപ്പോഴേക്ക് മുകളില്‍നിന്ന് ആറുവരിപ്പാതയിടിഞ്ഞ് ഭീമൻകരിങ്കല്ലുകള്‍ താഴേക്കുവരുന്നു...നെഞ്ചിടിപ്പിന്റെ നിമിഷമായിരുന്നു അത്.
ഭാര്യയും മകളും പേരക്കുട്ടിയുമെല്ലാം ഒപ്പമുണ്ടല്ലോയെന്നോർത്ത് ഭയംകൂടി. ഉരുണ്ടുവന്ന കരിങ്കല്ലുകളിലൊന്ന് കാറിനുമുകളിലേക്കുതന്നെ വീണു. നടക്കുന്നത് എന്തോ അപകടമാണെന്നു മനസ്സിലാക്കിയതോടെ അവർ നിലവിളിച്ച് ഡോർതുറന്ന് പുറത്തേക്കിറങ്ങി. ഇതിനിടയില്‍ കല്ലുവീണുതകർന്ന കാറിന്റെ ഭാഗങ്ങള്‍ തട്ടിയും കല്ലുകള്‍ തട്ടിയും അവർക്ക് മുറിവേറ്റു. ഷംസുദ്ദീനും ഓടാനൊരുങ്ങിയതാണ്. പക്ഷേ, കരിങ്കല്ലുവീണ് അപ്പോഴേക്കും കാറിന്റെ ഡോർവരുന്ന ഭാഗം ഇറങ്ങാൻ പറ്റാത്തതരത്തില്‍ കുടുങ്ങിപ്പോയി.
ഷംസുദ്ദീന്റെ വീട്ടുകാരെ അപ്പുറത്തെ റോഡിലൂടെ ഗർഭിണിയുമായി പോകുന്ന ആംബുലൻസുകാർ അതില്‍കയറ്റി ആശുപത്രിയിലേക്ക് വിട്ടു. പിന്നെയും 15 മിനിറ്റോളം കഴിഞ്ഞാണ് പുറമേനിന്ന് ആളുകളെത്തി ബൈക്കില്‍ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചത്. 'പടച്ചോൻ കാത്തു, അല്ലാതെന്തുപറയാനാ..,' നടുക്കം മാറിയിട്ടില്ലെങ്കിലും വലിയൊരു ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ആശുപത്രിയിലുള്ള ഷംസുദ്ദീൻ. ഷംസുദ്ദീന്റെ കൈയ്ക്കാണ് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തില്‍ ഷംസുദ്ദീന്റെ കാർ തകർന്നു.സഹോദരീപുത്രന്റെ വിവാഹം നടക്കുന്ന കൂരിയാട്ടെ ഓഡിറ്റോറിയത്തിലേക്ക് വധുവിനെ കൊണ്ടുവരാനായി പോകുകയായിരുന്നു ഷംസുദ്ദീനും കുടുംബവും. പെങ്ങള്‍ നസീമ, ഭാര്യ റസിയ, മകള്‍ നജ ഫാത്തിമ, മരുമകള്‍ റിസാന, മകൻ ഐദിൻ ആസിഫ് എന്നിവരാണ് കൂടെയുണ്ടായിരുന്നത്. ഇവരും പരിക്കുകള്‍ പറ്റി തിരൂരങ്ങാടി എംകെ ഹോസ്പിറ്റലില്‍ ചികിത്സയിലുണ്ട്. ഷംസുദ്ദീൻ പോകുന്നതിനുമുമ്ബ് കല്യാണത്തിനുള്ള നാലുവാഹനങ്ങള്‍ കടന്നുപോയിരുന്നു. പിന്നാലെവന്ന രണ്ടുവാഹനങ്ങളും ഇവിടെ പെട്ടെങ്കിലും അവർക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ലെന്ന് ഷംസുദ്ദീൻ പറഞ്ഞു.