ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിന് പിന്നാലെ സൈബറിടങ്ങളിൽ പാകിസ്താൻ നടത്തിയ വ്യാജ അവകാശവാദങ്ങളെ പൊളിച്ചടുക്കി ഇന്ത്യക്കാരുടെ മുഴുവൻ കൈയടി നേടിയ പ്രമുഖ വസ്തുതാന്വേഷണ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. മന്ത്രി എക്സിൽ പങ്കുവെച്ച വ്യാജ വാർത്ത സുബൈർ ചൂണ്ടിക്കാട്ടിയതിനാണ് വിമർശനം. എന്നാൽ, ഇതിന് മറുപടിയുമായി സുബൈറും രംഗത്തെത്തി."
നാവികസേന കറാച്ചിയിൽ ആക്രമണം നടത്തിയെന്ന വ്യാജ വാർത്തയാണ് റിജിജുവിന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്തത്. എന്നാൽ, ഇത് വ്യാജമാണെന്നും കേന്ദ്ര മന്ത്രി വരെ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും വ്യാജ വാർത്തയിൽ വീണുവെന്നും ചൂണ്ടിക്കാട്ടി സുബൈർ രംഗത്തെത്തി. പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത മന്ത്രി, സുബൈറിന്റെ കുറിപ്പ് റിട്വീറ്റ് ചെയ്യുകയും തന്റെ പേരിൽ ആരോ വ്യാജ പോസ്റ്റ് സൃഷ്ടിച്ചതാണ് എന്ന് ആരോപിക്കുകയും ചെയ്തു. ‘നിർണായക സമയത്ത് ആരാണ് ഈ ദുഷ്പ്രവൃത്തി ചെയ്യുന്നത്? രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്. ആരോ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചു, അത് മാധ്യമപ്രവർത്തകർ വഴി പങ്ക് വെക്കുന്നു!’ എന്നായിരുന്നു സുബൈറിന്റെ ട്വീറ്റ് ചൂണ്ടിക്കാട്ടി റിജിജുവിന്റെ പോസ്റ്റ്."
എന്നാൽ, ആരും വ്യാജ ട്വീറ്റ് സൃഷ്ടിച്ചതല്ലെന്നും നിങ്ങളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് തന്നെയാണ് ആദ്യത്തെ ട്വീറ്റ് വന്നതെന്നും തെളിവുസഹിതം സുബൈർ വ്യക്തമാക്കി. ‘അല്ല റിജിജു സർ, ഇത് മറ്റാരുടെയും ദുഷ്പ്രവൃത്തിയല്ല. ആരും വ്യാജ അക്കൗണ്ട് ഉണ്ടാക്കി മാധ്യമപ്രവർത്തകർ വഴി പ്രചരിപ്പിച്ചതല്ല. ഇത് നിങ്ങളുടെ സ്വന്തം ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തതാണ്. തെളിവ് ഇതാ. നിങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് കൈകാര്യം ചെയ്യുന്ന വ്യക്തിയോട് ദയവായി അന്വേഷിക്കുക’ -സുബൈർ വ്യക്തമാക്കി. ഇതിനൊപ്പം തെളിവായി സ്ക്രീൻ ഷോട്ടുകളും പങ്കുവെച്ചു.
No comments:
Post a Comment