Monday, March 31, 2025

ഇതാ മറ്റൊരു കേരള സ്റ്റോറി;ക്ഷേത്ര കമ്മിറ്റിക്കാര്‍ സ്ഥലമൊരുക്കി, കിണാശ്ശേരിയില്‍ വേറിട്ട ഈദ്ഗാഹ്

കോഴിക്കോട്: വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ കിണാശ്ശേരിയില്‍ കണ്ടത് വേറിട്ട ഈദ് ഗാഹ്.വർഷങ്ങളായി പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവവും പെരുന്നാള്‍ ഈദ് ഗാഹും ഒരേ ഗ്രൗണ്ടില്‍ ആഘോഷിക്കുന്നവരാണ് കിണാശ്ശേരിക്കാർ. ഇത്തവണ ക്ഷേത്രോത്സവത്തിനിടെയാണ് ചെറിയ പെരുന്നാള്‍ വന്നത്. എന്നാല്‍ ക്ഷേത്ര കമ്മിറ്റിക്കാർ മറിച്ചൊന്ന് ആലോചിച്ചില്ല. ക്ഷേത്രോത്സവത്തിനിടെ ഈദ്ഗാഹിന് ക്ഷേത്ര കമ്മിറ്റി നേതൃത്വം നല്‍കി. ആയിരക്കണക്കായ ക്ഷേത്ര വിശ്വാസികളെ സാക്ഷി നിർത്തി പെരുന്നാള്‍ നമസ്‌കാരത്തിന് വഴിയൊരുക്കിയത് നാടിന്റെ മതേതര സംസ്‌കാരത്തിന് ആവേശമായി. മാർച്ച്‌ 30മുതല്‍ ഏപ്രില്‍ നാലുവരെയാണ് പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികള്‍ കിണാശേരി ഗവ. വി.എച്ച്‌.എസ്.എസ് ഗ്രൗണ്ടില്‍ നടക്കവെയാണ് ഈദ് ഗാഹിനായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികള്‍ വിട്ടുനല്‍കിയത്. 30ന് രാത്രി 12വരെ നീണ്ടുനിന്ന കലാപരിപാടികള്‍ക്ക് ശേഷം ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും കിണാശേരി മസ്ജിദിൻ മുജാഹിദ്ദീൻ പള്ളി നടത്തിപ്പുകാരായ കെ.എം.എസ്.എഫ് (കിണാശേരി മുസ്ലിം സേവാ സംഘം) കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ഒന്നിച്ചാണ് ഈദ് ഗാഹിനായി ഗ്രൗണ്ട് സജ്ജമാക്കിയത്. 31ന് രാവിലെ 7ന് തുടങ്ങിയ ഈദ് ഗാഹില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 1500ലധികം പേർ പങ്കെടുത്തു. ക്ഷേത്രചടങ്ങുകള്‍ക്കൊപ്പം നിസ്‌കാരവും നടന്നു.
സർവമത സഹകരണത്തോടെയാണ് പള്ളിയറക്കല്‍ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടത്തിവരുന്നത്. പത്ത് ദിവസം മുമ്പ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലുമെല്ലാം എല്ലാവരും പങ്കാളികളാകാറുണ്ട്.

No comments:

Post a Comment

പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്*

താമരശ്ശേരി:പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരികേറ്റു. കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും കൈതപ്പൊയിൽ...