LATEST

6/recent/ticker-posts

*എന്നാലും എൻ്റെ നായേ.....ക്ഷേത്രത്തിന് മുന്നില്‍ മാംസക്കഷ്ണം കണ്ടെത്തിയ സംഭവം വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങി*.

പ്രതി യേ കണ്ടെത്തിയപ്പോൾ ആശ്വാസമായത് പോലീസിനും ന്യൂനപക്ഷങ്ങൾക്കും






മൈസൂരു: ക്ഷേത്ര കവാടത്തിന് മുന്നില്‍ മാംസക്കഷ്ണം കണ്ടെത്തിയതും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പ്രകോപനപരമായ പോസ്റ്റുകളും കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലുള്ള ഗുണ്ടല്‍പേട്ടില്‍ വലിയൊരു വര്‍ഗ്ഗീയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എന്നാല്‍ പോലീസ് നടത്തിയ കൃത്യമായ ഇടപെടലിലും സിസിടിവി പരിശോധനയിലും യഥാര്‍ത്ഥ 'പ്രതി' ഒരു തെരുവുനായയാണെന്ന് തെളിഞ്ഞതോടെ ആശങ്കകള്‍ക്ക് വിരാമമായി. 








കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗുണ്ടല്‍പേട്ട് ടൗണിലെ ഗുണ്ടല്‍പേട്ട്-ചാമരാജനഗര്‍ പ്രധാന പാതയിലുള്ള ശ്രീ ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ പൂജാരി രാവിലത്തെ പൂജകള്‍ക്കായി എത്തിയപ്പോഴാണ് ക്ഷേത്രത്തിന് മുന്നിലായി മാംസക്കഷ്ണം കിടക്കുന്നത് കണ്ടത്. ഇതോടെ ക്ഷേത്രത്തിലെ ഭക്തര്‍ രോഷാകുലരായി. മതവികാരം വ്രണപ്പെടുത്തുന്നതിനായി സാമൂഹിക വിരുദ്ധര്‍ ബോധപൂര്‍വ്വം ക്ഷേത്രത്തിന് സമീപം ബീഫ് കൊണ്ടിട്ടതാണെന്ന് ഇവര്‍ ആരോപിച്ചു. 








'കുറ്റവാളികളെ' ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഗുണ്ടല്‍പേട്ട് പോലിസില്‍ പരാതി നല്‍കി. ഇതിനിടെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും, ക്ഷേത്രത്തെ അപമാനിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമാവുകയും ചെയ്തു. സംഭവത്തിന് വര്‍ഗ്ഗീയ നിറം കൈവരുന്ന സാഹചര്യം ഉണ്ടായതോടെ പോലിസ് ഉടന്‍ തന്നെ സ്ഥലത്തെത്തുകയും സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഈ പരിശോധനയിലാണ് ഒരു നായ മാംസക്കഷ്ണം കടിച്ചുകൊണ്ടുവന്ന് ക്ഷേത്രത്തിന് മുന്നിലെ റോഡരികില്‍ ഉപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചത്. അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ നായയാണെന്ന് സ്ഥിരീകരിച്ചതായി ചാമരാജനഗര്‍ പോലിസ് സൂപ്രണ്ട് എം മുത്തുരാജു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രകോപനപരമോ സ്ഥിരീകരിക്കാത്തതോ ആയ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വ്യാജവും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Post a Comment

0 Comments