രാമജന്മഭൂമി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രമോദ് കുമാര്‍ നിഗമിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് റായി
ഉത്തര്‍പ്രദേശില്‍ 2027ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലോ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന കൊലക്കേസ് പ്രതിയുടെ കുറ്റക്കാരനെന്ന വിധിയും ജീവപര്യന്തം തടവുശിക്ഷയും അലഹബാദ് ഹൈക്കോടതി മരവിപ്പിച്ചു. നന്ദന്‍ ലാല്‍ റായ് എന്ന നന്ദ്ലാല്‍ റായ് (ബബ്ലു റായ്) നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ സിദ്ധാര്‍ഥ്, വിനയ് കുമാര്‍ ദ്വിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. കൊലക്കേസില്‍ 2025 ഏപ്രിലിലാണ് വാരണാസി കോടതി റായിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരായ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. അപ്പീലില്‍ അന്തിമവിധി വരുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് റായ് കോടതിയെ സമീപിച്ചത്.
ജനപ്രതിനിധികളുടെ കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിട്ടുള്ള കാര്യവും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടാന്‍ സാധ്യതയുള്ളതും ഹൈക്കോടതി പരിഗണിച്ചു. ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ ജനങ്ങളോട് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയമായി സജീവമായിരുന്ന ഇരയെ കൊലപ്പെടുത്തിയ കേസില്‍ സംശയത്തിന്റെയും അനുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തതെന്ന് റായിയുടെ അഭിഭാഷകന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ പ്രധാനമായും സാഹചര്യത്തെളിവുകളെയാണ് ആശ്രയിക്കുന്നതെന്നും അന്വേഷണത്തിനിടെ പ്രതിയുടെ പേര് വെളിപ്പെടുത്തിയതിലെ കാലതാമസം, ദൃക്സാക്ഷിമൊഴികളിലെ സംശയങ്ങള്‍, കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി
രാമജന്മഭൂമി പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രമോദ് കുമാര്‍ നിഗമിന്റെ കൊലപാതകക്കേസിലാണ് റായി ശിക്ഷിക്കപ്പെട്ടത്. ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് ബിജെപിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന തനിക്ക് 2027ലെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായോ സാധ്യമെങ്കില്‍ ബിജെപി ടിക്കറ്റിലോ മത്സരിക്കാനാണ് ആഗ്രഹമെന്ന് റായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിനാണ് കോടതി ശിക്ഷയും കുറ്റക്കാരനെന്ന വിധിയും അപ്പീല്‍ തീര്‍പ്പാകുന്നതുവരെ മരവിപ്പിച്ചത്. 'ഒരു സാധാരണക്കാരന്റെ ഉപജീവനത്തിനുള്ള അവകാശം രാഷ്ട്രീയക്കാരന്റെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശത്തേക്കാള്‍ ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല. അപ്പീലില്‍ അന്തിമവിധി വരുന്നതുവരെ അതിജീവിക്കാന്‍ പ്രതിക്ക് അവസരം ലഭിക്കണം. അതിനാല്‍ ശിക്ഷയും കുറ്റക്കാരനെന്ന വിധിയും മരവിപ്പിക്കേണ്ടതുണ്ട്' എന്ന് കോടതി നിരീക്ഷിച്ചു. വ്യക്തിഗത ബോണ്ടും സമാന തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ ജാമ്യത്തില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അനുമതിയില്ലാതെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷ ലഭിച്ച വ്യക്തികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കുണ്ട്. എന്നാല്‍ അപ്പീല്‍ ഘട്ടത്തില്‍ ശിക്ഷ സ്റ്റേ ചെയ്യുന്നതോടെ ഈ വിലക്ക് താല്‍ക്കാലികമായി നീങ്ങും.
0 Comments